സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ; 2 കോടി 20 ലക്ഷം രൂപ സമ്മാനം

റിയാദ്: സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും.

വനിതാ സിംഗിൾസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെ ഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.

സൗദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെ മകളാണ്. സൗദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസ ബാഡ്മിന്റൺ മത്സരത്തിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

error: Content is protected !!