തിരൂർ ∙ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി. ഇന്നലെ രാവിലെ തിരൂരിൽ എത്തിയ മംഗള എക്സ്പ്രസിൽനിന്ന് ആർപിഎഫ് ക്രൈം ഇന്റലിജൻസാണ് പിടിച്ചത്. 70 വലിയ പെട്ടികളിലായി 35,000 പാക്കറ്റ് കൊറിയൻ നിർമിത സിഗരറ്റാണു ട്രെയിൻ വഴി എത്തിച്ചത്. അനധികൃത സിഗരറ്റ് കടത്ത് വ്യാപകമെന്ന പരാതിയെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനെ തുടർന്നാണ് പിടിയിലായത്.
ഒരു പാക്കറ്റിനു മാർക്കറ്റിൽ 300 രൂപയിലേറെ വിലയുണ്ടെന്നും ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗൾഫ് ബസാറുകളിലും നികുതി വെട്ടിച്ച് വിൽപന നടത്താൻ കടത്തിക്കൊണ്ടുവന്നതാണ് ഇവയെന്നും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂർ കേന്ദ്രീകരിച്ച് അനധികൃത സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തി വരികയായിരുന്നു. ഡൽഹിയിൽ നിന്നാണ് ഇവ എത്തിക്കുന്നത്.
പിടിക്കപ്പെടാൻ സാധ്യത കൂടുതലായതിനാൽ നേരിട്ട് എത്തിക്കാറില്ല. പകരം മംഗളൂരു പോലുള്ള സ്റ്റേഷനുകളിൽ എത്തിച്ച് അവിടെ നിന്ന് മറ്റു ട്രെയിനുകളിലാണ് ഇവിടെയെത്തിക്കുന്നത്. പിടിച്ചെടുത്ത സിഗരറ്റ് മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി. ആർപിഎഫ് ഐജി ബീരേന്ദ്രകുമാറിന്റെ നിർദേശാനുസരണം പാലക്കാട് ആർപിഎഫ് കമാൻഡർ ജതിൻ.ബി.രാജ്, ഇൻസ്പെക്ടർ എൻ.കേശവദാസ്, എസ്ഐ എ.പി.അജിത് അശോക്, എഎസ്ഐമാരായ സജി അഗസ്റ്റിൻ, കെ.സജു, ബി.എസ്.പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, എ.വി.സുഹൈൽ, കോൺസ്റ്റബിൾമാരായ വി.സവിൻ, കെ.എം.ഷിജു, മുഹമ്മദ് അസ്‍ലം എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.