പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്തതായുള്ള പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വ്യവസായിയാണ് കാസർഗോഡ് സ്വദേശിയായ മരുമകൻ പണം തട്ടിയതായി പരാതി നല്‍കിയത്. കാസർഗോഡ് കുതിരോളി ബില്‍ഡേഴ്സ് എന്ന കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹാഫിസിനെതിരേയാണ് പരാതി. മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്.
പെരുംനുണകളിലൂടെയാണ് പല ഘട്ടങ്ങളായി മരുമകൻ പണം തട്ടിയെടുത്തതെന്നാണ് ലാഹിർ പറയുന്നത്. 42 വർഷമായി വിദേശത്ത് കെട്ടിട നിർമാണ സാമഗ്രി വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുകയാണ് ലാഹിർ. രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. അഞ്ചുവർഷം മുമ്പാണ് ഏക മകളെ ഇയാൾക്ക് വിവാഹം ചെയ്ത് നൽകിയത്. ഹാഫിസിന്‍റെ പിതാവിന് റോഡ് നിർമാണ കമ്പനിയാണ്. ഇവിടെ എൻഫോഴ്സ്മെൻറ് റെയ്ഡ് നടന്നുവെന്ന കഥയിലൂടെയാണ് തട്ടിപ്പിന് ഹാഫിസ് തുടക്കമിട്ടത്. റെയ്ഡിനെ തുടർന്ന് പിഴയടക്കാനെന്ന പേരിൽ 3.9 കോടി രൂപ വാങ്ങിയെടുത്തിരുന്നു.
ബാംഗ്ലൂരിൽ ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും നൽകിയത് വ്യാജരേഖകളായിരുന്നു എന്ന് ലാഹിർ ഹസൻ ആരോപിച്ചു. രാജ്യാന്തര ഫുട് വെയർ ബ്രാന്‍ഡിൻ്റെ ഷോറും തുടങ്ങാനും, കിഡ്സ് വെയർ ശൃംഖലയിൽ പണം മുടക്കാനും അടക്കം വിവിധ പദ്ധതികളുടെ പേരിൽ തട്ടിയെടുത്തത് നൂറ് കോടിയിൽ അധികം രൂപയാണെന്ന് പരാതിയിൽ പറയുന്നു.
ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈൻ ചെയിപ്പിച്ച് ഡിസൈനറായ ഭാര്യാമാതാവിനെ കബളിപ്പിച്ചു. വിവാഹത്തിന് മകള്‍ക്ക് നൽകിയ 1000 ത്തോളം പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ ഇയാള്‍ വിറ്റു. വിവിധ പദ്ധതികളുടെ പേരിൽ പുറത്ത് നിന്നും നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ലാഹിർ ഹസൻ പറയുന്നു.
അക്ഷയ് തോമസ് വൈദ്യൻ എന്ന സുഹൃത്തുമായി ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്നാണ് പരാതിയിലുള്ളത്. കൊച്ചിയിൽ മീഡിയ ഏജൻസി നടത്തിയിരുന്ന ഇയാളുമായി ചേർന്ന് പുതിയ ബിസിനസ് പദ്ധതികൾ പ്രഖ്യാപിച്ച് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ നൽകിയാണ് സംരംഭകരെ വിശ്വസിപ്പിച്ചിരുന്നത്. ആരംഭിക്കാത്ത പദ്ധതികളെ കുറിച്ച് ഫോബ്സ് മാസികയുടെ ഓൺലൈനിലടക്കം വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ലാഹിർ ഹസൻ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഹാഫിസിൻ്റെ ബിരുദ സർട്ടിഫിക്കറ്റും ഇയാൾ അയച്ചു നൽകിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ പേരിൽ ഇയാൾ മൊബെൽ ചാറ്റുകളും കോളുകളും നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആലുവ ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും അന്വേഷണ പുരോഗതി ഉണ്ടാകാത്തതിനാൽ, ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈ.എസ്.പി വി.ആർ. രാജീവിനാണ് അന്വേഷണച്ചുമതല. ആഗസ്റ്റിലാണ് ലാഹിർ ആലുവ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും തുടർനടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പൊലീസ് പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതായും ആരോപിച്ചിരുന്നു. ലാഹിർ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയെത്തുടർന്ന് അന്വേഷണത്തിൽനിന്ന് ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടിയെ ഒഴിവാക്കി, ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ലാഹിർ ബംഗളൂരുവിൽ നേരിട്ട് പോയി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്നുള്ള അന്വേഷണത്തിൽ മറ്റ് തട്ടിപ്പുകളും വെളിവാകുകയായിരുന്നു. ഇക്കാര്യം മകൾ ഭർതൃവീട്ടുകാരെ അറിയിച്ചപ്പോൾ അവർ ഹാഫിസിനെ പിന്തുണക്കുകയായിരുന്നു. ഇതേതുടർന്ന് ലാഹിറിനൊപ്പം ദുബൈയിലേക്ക് പോയ മകൾ വിവാഹബന്ധം വേർപെടുത്താൻ കോടതിയെ സമീപിക്കുകയും ചെയ്തു.