മലപ്പുറം : മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാടില്‍ മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കി. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഗോവിന്ദന്‍ മാഷ് ഒരു സത്യം പറഞ്ഞു. അത്രയേ ഉള്ളൂ.
ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും വേണ്ടിയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. മതേതരത്വം, മതസൗഹാര്‍ദം, ജനാധിപത്യം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ലീഗിന്റെ പ്രവര്‍ത്തന രീതികള്‍. അത് മനസിലായവര്‍ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ. സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
അതേസമയം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സിപിഎമ്മിനൊപ്പം ചേരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുകയല്ല ചെയ്തത്. മതേതര നിലപാടിനെയാണ് സ്വാഗതം ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് തുടരുകയാണ്. ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് കൃത്യമായി എതിര്‍ത്തില്ലെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നായിരുന്നു സിപിഎം എം വി ഗോവിന്ദന്റെ പരാമര്‍ശം. രാഷ്ട്രീയത്തില്‍ സ്ഥിരമായ ഒരു ശത്രുവില്ലെന്നും ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ യോജിക്കാവുന്ന നിലപാടുകള്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടികള്‍ക്കുണ്ട്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അനുസരിച്ചായിരിക്കും യോജിപ്പുകള്‍. എന്നാല്‍ അത് രാഷ്ട്രീയ കൂട്ടുകെട്ടല്ല. യുഡിഎഫ് തകരണമെന്ന് എല്‍ഡിഎഫിന് ആഗ്രഹമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.