ചേളാരി : സമുദായവും സമൂഹവും നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബോധന ചെയ്യാന്‍ മഹല്ലുകള്‍ ഉണരുകയും കാലോചിതമായി ഉയരുകയും ചെയ്യണമെന്നും സുന്നീ മഹല്ല് ഫെഡറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കാലികമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും മഹല്ലുകള്‍ ഏറ്റെടുക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ . ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മഹല്ല് ഭരണം കൂടുതല്‍ സുതാര്യവും അനായാസവുമാക്കാന്‍ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ തജ്ദീദ് എസ്.എം.എഫ് ഇമഹല്ല് സോഫ്റ്റ്‌വെയര്‍ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. സമസ്ത സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ കെ. ഉമര്‍ ഫൈസി മുക്കത്തിന് സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം കെ.ആലിക്കുട്ടി മുസ്ലിയാര്‍ കൈമാറി. വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും സെക്രട്ടറി ബദ്‌റുദ്ദീന്‍ അഞ്ചല്‍ നന്ദിയും പറഞ്ഞു.
സമഗ്രമായ മഹല്ല് സര്‍വേ നടത്താനും വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം, വൈവാഹികാവസ്ഥ, പ്രവാസം, ബ്ലഡ് ഗ്രൂപ്പ് തുടങ്ങിയവ അടിസ്ഥാനമാക്കി വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനുമുള്ള സൗകര്യം, മഹല്ല് കമ്മിറ്റി യോഗങ്ങള്‍, ജനറല്‍ ബോഡി മീറ്റിങ്ങുകള്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകള്‍, ഹാജര്‍ നില, മഹല്ലില്‍ നടക്കുന്ന വിവിധ പരിപാടികളുടെ റിപ്പോര്‍ട്ടുകള്‍ തരംതിരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം, വിവാഹം, നികാഹ്, മരണം എന്നിവയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, വഖഫ്, അസറ്റ്, റെന്റ് രജിസ്റ്ററുകള്‍, മദ്രസ, ദര്‍സ് രജിസ്റ്ററുകള്‍, വരവ് ചെലവ്, ശമ്പള രജിസ്റ്ററുകള്‍, വരിസംഖ്യ, കുടിശ്ശിക വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനം, പ്രീ മാരിറ്റല്‍ കോഴ്‌സ്, സ്വദേശി ദര്‍സ്, സുന്ദൂഖ് പലിശ രഹിത വായ്പാ പദ്ധതി തുടങ്ങിയ എസ്.എം.എഫിന്റെ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സൗകര്യം എന്നിങ്ങനെ മഹല്ല്, മദ്രസ, ദര്‍സ് ഭരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ട സമഗ്രവും സമ്പൂര്‍ണ്ണവുമായ മഹല്ല് അഡ്മിനിസ്‌ട്രേഷന്‍ സോഫ്റ്റ്‌വെയറാണ് തജ്ദീദ്. മിതമായ നിരക്കില്‍ മഹല്ലുകള്‍ക്ക് സോഫ്റ്റ്‌വെയറും അനുബന്ധ സംവിധാനങ്ങളും സാങ്കേതിക സഹായങ്ങളും ലഭ്യമാക്കാനാണ് എസ്.എം.എഫ് ഉദ്ദേശിക്കുന്നത്.
ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം സൈതലവി ഹാജി,കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവരും എസ്.എം.എഫ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും ഓര്‍ഗനൈസര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.