കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് യാത്രക്കാരില്‍ നിന്നായി 7.5 കിലോ സ്വര്‍ണം പിടികൂടി.

കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളിലും മലാശയത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണ കടത്ത്‌. 3.71 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി 7.5 കിലോ സ്വര്‍ണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ലഗേജ് കൊണ്ട് വരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചു കടത്തുന്നതിനിടെയാണ് മൂന്ന് പേര്‍ പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയാണ് കാര്‍ഡ് ബോര്‍ഡിന്റെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചത്. കോഴിക്കോട് വളയം സ്വദേശി ഇരുമ്പന്റവിട ബഷീര്‍ (46), കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ തോമസ് (30), , ഓര്‍ക്കാട്ടേരി സ്വദേശി ചമ്പോളി നാസര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഓരോരുത്തരില്‍ നിന്നും യഥാക്രമം, 1628 ഗ്രാം, 1694 ഗ്രാം, 1711 ഗ്രാം സ്വര്‍ണം വീതം പിടികൂടി. മൂവരും ദുബായില്‍ നിന്ന് എത്തിയതാണ്.

https://youtu.be/qn8o7V9My7g


അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേര്‍ പിടിയിലായത്. തൃശൂര്‍ വെളുത്തറ സ്വദേശി നിതിന്‍ ജോര്‍ജ് (30), കാസര്‍കോട് മംഗല്‍പാടി സ്വദേശി അബ്ദുല്‍ ഖാദര്‍ സായ അബ്ദുറഹ്മാന്‍ (60) എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നെത്തിയ നിതിന്‍ ജോര്‍ജ് അടിവസ്ത്രത്തിനുള്ളില്‍ 1114 ഗ്രാം സ്വര്‍ണവും മലാശയത്തിനുള്ളില്‍ 1170 ഗ്രാം സ്വര്‍ണവും ഒളിപ്പിച്ചിരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ അബ്ദുല്‍ ഖാദര്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 676 ഗ്രാം സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് അനധികൃത സ്വര്‍ണക്കടത്ത് പിടികൂടിയത്.

അസിസ്റ്റന്റ് കമ്മീഷണര്‍ ജെ. ആനന്ദ്കുമാര്‍, സൂപ്രണ്ടുമാരായ ടി.എന്‍.വിജയ, എം.കെ.ബാബു നാരായണന്‍, ഗഗന്‍ദീപ് രാജ്, റഫീഖ് ഹസ്സന്‍, പ്രമോദ് കുമാര്‍ സവിത, പ്രണേയ് കുമാര്‍, പ്രേം പ്രകാശ് മീന, ഇന്‍സ്‌പെക്ടര്‍മാരായ, വി.കെ.ശിവകുമാര്‍, ബദല്‍ ഗഫൂര്‍, ദുഷ്യന്ത് കുമാര്‍, ടി.വി.ശശിധരന്‍, ആശു സോറന്‍, അരവിന്ദ് ഗുല്ല, കെ.രാജീവ്, കെ.പി.ധന്യ, പരിവേഷ് കുമാര്‍ സ്വാമി, തുടങ്ങിയവരാണ് പിടികൂടിയത്.

ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. 1040 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും സ്വര്‍ണം പിടികൂടിയത്.

കഴിഞ്ഞ ആഴ്ചയും കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. മൂന്ന് യാത്രികരില്‍ നിന്നായി 4.700 കിലോ ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണവും ബഹറിനില്‍ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍ നിന്നും 2.06 കിലോഗ്രാം സ്വര്‍ണവും ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുള്‍ ജലീല്‍ നിന്നും 355 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീല്‍ ശരീരത്തില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് മൂന്ന് പേരില്‍ നിന്നുമായി പിടികൂടിയത്.

error: Content is protected !!