പാടന്തറ മര്‍കസിന്റെ തണലില്‍ 800 വധു- വരന്‍മാര്‍ പുതുജീവിതത്തിലേക്ക്, നടന്നത് രാജ്യത്തെ ഏറ്റവും വലിയ വിവാഹ മഹാ സംഗമം

ഗൂഡല്ലൂര്‍ | പാടന്തറ മര്‍കസ് 30ാം വാര്‍ഷികത്തോടനുബന്ധിച്ച് എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമൂഹ വിവാഹത്തില്‍ 800 വധു- വരന്‍മാര്‍ പുതു ജീവിതത്തിലേക്ക്. നികാഹ് കര്‍മത്തിന് പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കി. സഹോദര സമുദായത്തിലെ പെണ്‍കുട്ടികള്‍ അവരുടെ ആചാര പ്രകാരം സുമംഗലികളായി. സമീപത്തെ ക്ഷേത്രത്തിലും ചര്‍ച്ചിലുമാണ് ചടങ്ങുകള്‍ നടന്നത്.

രാജ്യത്തെ ഏറ്റവും വലിയ വിവാഹ മഹാ സംഗമമാണ് പാടന്തറയില്‍ നടന്നത്. 2014ല്‍ 114 വധൂ- വരന്മാരുടെ വിവാഹം നടത്തിയാണ് ഈ സദുദ്യമത്തിന് തുടക്കം കുറിച്ചത്. ഇന്ന് 800 വധു വരന്മാര്‍ക്കാണ് പാടന്തറ മര്‍കസ് പുതിയ ജീവിതം സമ്മാനിച്ചത്.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈനായി അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹ വിവാഹ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി.

കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, എ പി അബ്ദുല്‍ ഹകീം അസ്ഹരി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മജീദ് കക്കാട്, ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍ സംസാരിച്ചു. സമസ്ത മുശാവറ അംഗങ്ങള്‍, പ്രസ്ഥാന നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു.

error: Content is protected !!