ബ്രഹ്‌മപുരം തീപിടുത്തം ; കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നീട്ടി, പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക പൂര്‍ണമായും ശമിക്കാത്തതിനാല്‍ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി നീട്ടി നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

വടവുകോട് -പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 13-03-23 മുതല്‍ 15-03-23 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍ , ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും.

error: Content is protected !!