ഭര്‍ത്താവില്‍ നിന്ന് യഥാര്‍ത്ഥ പ്രായം മറച്ചു വച്ചു, വിവാഹം അസാധുവാക്കി ഹൈക്കോടതി

വിവാഹസമയത്ത് യുവതി യഥാര്‍ത്ഥ പ്രായം മറച്ച് വച്ചു എന്ന ഭര്‍ത്താവിന്റെ പരാതിയില്‍ വിവാഹബന്ധം അസാധുവാക്കി കര്‍ണ്ണാടക ഹൈക്കോടതി. ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിജയകുമാര്‍ പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹം അസാധുവാക്കിയത്. നേരത്തെ കുടുംബ കോടതി ഭര്‍ത്താവിന്റെ പരാതി തള്ളിയിരുന്നു ഇത് ചോദ്യം ചെയ്താണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

പ്രതിയുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കാനുള്ള കാരണം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരനായ ഭര്‍ത്താവ് പരാജയപ്പെട്ടു എന്നായിരുന്നു നേരത്തെ കുടുംബ കോടതി വിധിച്ചത്. എന്നാല്‍ പ്രതിയായ ഭാര്യയും അവരുടെ കുടുംബാംഗങ്ങളും വസ്തുതകള്‍ മറച്ചുവെച്ചിരിക്കുകയാണെന്നും പ്രതിയുടെ പ്രായം മറച്ചുവെച്ചതായി ഹര്‍ജിക്കാരന്‍ വ്യക്തമായി വാദിച്ചിട്ടുണ്ടെന്നും രേഖകള്‍ പരിശോധിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി.

2014-ല്‍ ഭദ്രാവതിയില്‍ വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. കേസിലെ പ്രതിയായ ഭാര്യയ്ക്ക് വിവാഹസമയത്ത് 36 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളു എന്നായിരുന്നു അവരുടെ അമ്മയും സഹോദരനുമടക്കം പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍ പിന്നീടാണ് പ്രതിയായ ഭാര്യയുടെ പ്രായം 41 ആയിരുന്നു എന്നും, അവര്‍ രോഗബാധിതയായിരുന്നു എന്നും ഹര്‍ജിക്കാരന്‍ അറിയുന്നത്. ഭാര്യക്ക് ഹര്‍ജിക്കാരനെക്കാള്‍ 4 വയസ്സ് കൂടുതലാണെന്ന യാഥാര്‍ഥ്യം മറച്ച് വച്ചതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ വിവാഹമോചനം ആവശ്യപ്പെട്ടത്.

പ്രതിയുടെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും മറച്ചുവെച്ച് വിവാഹം നടത്തിയതിനാല്‍ പ്രതിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രവൃത്തി വഞ്ചനയും തെറ്റിദ്ധരിപ്പിക്കലുമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. അതുകൊണ്ട് ഹര്‍ജിക്കാരന്റെയും പ്രതിയുടെയും വിവാഹം അസാധുവായി പ്രഖ്യാപിക്കണം എന്നുമായിരുന്നു ആവശ്യം.

ഇന്ത്യന്‍ വിവാഹമോചന നിയമത്തിന്റെ 18-ാം വകുപ്പ് ഭര്‍ത്താവിനെയോ ഭാര്യയെയോ ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ തന്റെ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ അവകാശം ഉണ്ടെന്നും ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നേടിയ വിവാഹസമ്മതം അസാധുവാക്കാന്‍ നിയമത്തിന്റെ 19-ാം വകുപ്പ് അനുവദിക്കുന്നതായും പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിവാഹം അസാധുവായി പ്രഖ്യാപിച്ചത്.

error: Content is protected !!