കായകല്‍പ്പ് അവാര്‍ഡ്; സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ താലൂക്ക് ആശുപത്രിയായി തിരൂരങ്ങാടി

തിരുവനന്തപുരം: 2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സബ് ജില്ലാ തലത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് രണ്ടാം സ്ഥാനം. 10 ലക്ഷം രൂപയാണ് സമ്മാനം. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.

കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്. സബ് ജില്ലാ തലത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് രണ്ടാം സ്ഥാനം. 10 ലക്ഷം രൂപയാണ് സമ്മാനം. 87.62 % മാര്‍ക്ക് നേടിയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സബ് ജില്ലാ തലത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി താമരശ്ശേരി കോഴിക്കോടാണ് 90.76 % മാര്‍ക്കോടെ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കിയത്.

ജില്ലാതല ആശുപത്രികളില്‍ 89.17 ശതമാനം മാര്‍ക്ക് നേടി ജനറല്‍ ആശുപത്രി കോഴിക്കോട് ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡിന് അര്‍ഹരായി. ജില്ലാ തലത്തില്‍ 86.51 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജനറല്‍ ആശുപത്രി തൃശ്ശൂര്‍ കരസ്ഥമാക്കി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി രാമമംഗലം എറണാകുളം 81.30 % മാര്‍ക്കോടെ അര്‍ഹത നേടി.

error: Content is protected !!