തിരുവനന്തപുരം : കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചാല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിച്ചു. ഇതുവരെ ചെയ്തതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കില്‍ സന്ദര്‍ശനം നല്ലതാണ്. കേരളത്തിലെ ബിജെപി നേതാക്കളും അരമനകള്‍ സന്ദര്‍ശിച്ചു. അതുകൊണ്ട് ദോഷമില്ല. കാരണം, കേരളത്തിന് പുറത്താണ് ക്രൈസ്തവ വേട്ട. ഇവിടെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര അധികാരമുപയോഗിച്ച് ആര്‍എസ്എസും സംഘപരിവാറും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. മതന്യൂനപക്ഷങ്ങളെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ല എന്നതാണ് അവരുടെ നയം. കര്‍ണാടകയില്‍ ഭീകര ക്രൈസ്തവ വേട്ട നടന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പലയിടങ്ങളിലും സംഘര്‍ഷം സൃഷ്ടിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉയര്‍ത്തികൊണ്ടുവരിക, അതിന് പിന്നിലേക്ക് ആളുകളെ തള്ളി വിടുക, ഇതുവഴി വോട്ട് ശേഷി വര്‍ധിപ്പിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി അധികാരത്തില്‍നിന്ന് ഇറങ്ങണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇന്നത്തെ അവസ്ഥയില്‍ ഒരു പൊതുമുന്നണി രൂപീകരിക്കാനുള്ള സാധ്യത വിരളമാണ്. മുന്‍ തെരഞ്ഞെടുപ്പുകളിലേതുപോലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കൂട്ടുകെട്ടുകള്‍ക്ക് നേതൃത്വം നല്‍കാന്‍ പലസംസ്ഥാനങ്ങളിലും ശേഷിയും ജനപിന്തുണയുമുള്ള പ്രാദേശിക രാഷ്ട്രീയകക്ഷികളുണ്ട്. അവരുടെ നേതൃത്വത്തില്‍ കൂട്ടുകെട്ടുണ്ടാകണം. ബിജെപിയെ എതിര്‍ക്കാന്‍ തയ്യാറുള്ളവരെ ആ സംസ്ഥാനങ്ങളില്‍ അണിനിരത്തി ബിജെപിയുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരണം. അങ്ങനെ വന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തില്‍ സര്‍ക്കാര്‍ എങ്ങനെ വേണമെന്ന് തെരഞ്ഞടുപ്പിനുശേഷം ആലോചിക്കാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വിശാല സമീപനം സ്വീകരിക്കണം. എന്നാല്‍, സിപിഐ എമ്മിനെ നേരിടാന്‍ ബിജെപിയെ സഹകരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അതാണ് കോണ്‍ഗ്രസിനെ അധഃപതനത്തിലേക്ക് തള്ളിവിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി