ലഹരിക്ക് അടിമയായ മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ സംഭവം ; മകന് മരണം വരെ തടവ്

ഗുരുഗ്രാം: ഗുരുഗ്രാമില്‍ മയക്കുമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ കേസില്‍ മകന് മരണംവരെ കഠിനതടവ് വിധിച്ച് കോടതി. ഗുരുഗ്രാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രാഹുല്‍ ബിഷ്ണോയിയാണ് കേസില്‍ വിധി പറഞ്ഞത്. ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് മരണം വരെ തടവാണെന്നും കോടതി വ്യക്തമാക്കി.

2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ 2020 നവംബര്‍ 16നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

അമ്മയെ ബലാത്സംഗം ചെയ്ത കേസിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിലും മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അമ്മയ്ക്ക് സംരക്ഷണം ഒരുക്കേണ്ടയാളാണ് മകനെന്നും എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹിക്കുന്നയാളായി മാറിയെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണയില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

error: Content is protected !!