മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്ര വാഹനങ്ങളിലെ യാത്ര; തത്കാലം പിഴ ഒഴിവാക്കുന്നത് പരിഗണനയില്‍

തിരുവനന്തപുരം: അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടികളെയും ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകാന്‍ നിയമപ്രകാരം അനുമതിയില്ലെങ്കിലും തത്കാലത്തേക്ക് പിഴയില്‍ ഒഴിവാക്കുന്നത് പരിഗണനയില്‍. നാലു വയസ്സിന് മുകളിലുള്ള കൂട്ടികളെ പൂര്‍ണ്ണ യാത്രികരായി പരിഗണിക്കുന്ന കേന്ദ്ര ഗതാഗത നിയമത്തില്‍ ഭേദഗതിയോ ഇളവോ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടേക്കും .ഇരുചക്ര വാഹനത്തില്‍ 2 പേര്‍ക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാന്‍ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാന്‍ ഗതാഗതവകുപ്പിന്റെ നീക്കം.

നിലവിലെ കേന്ദ്രനിയമപ്രകാരം ഇരുചക്രവാഹനത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിയെ മൂന്നാമത്തെ യാത്രക്കാരനായി പരിഗണിച്ച് പിഴ ഈടാക്കന്‍ കഴിയുന്നതാണ്. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ വ്യവസ്ഥ കര്‍ശനമാവുകയും ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തോട്
ഇളവ് തേടാന്‍ സംസ്ഥാനത്തിന്റെ നീക്കം. അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടികളെയും ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകാന്‍ കഴിയാത്തവിധത്തില്‍ നിയമം പരിഷകരിച്ചത് കേന്ദ്രസര്‍ക്കാരാണെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നത്. സംസ്ഥാനസര്‍ക്കാരിന് ഇതില്‍ ഭേദഗതിയോ, ഇളവോ നല്കാന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തി്ല്‍ തത്കാലത്തേക്ക് ഈ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍കണ്ണടച്ചേക്കും. മോട്ടോര്‍വാഹനവകുപ്പിന്റെ നേരിട്ടുള്ള പരിശോധനകളില്‍ കുട്ടികളെ കൊണ്ടുപോകുമ്പോള്‍ പിഴ ഈടാക്കിയിരുന്ന ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കി. നിയമവും പിഴയും രാജ്യത്താകെ ഉള്ളതായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി ഭേദഗതി വരുത്താനോ പിഴ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാനോ സാധിക്കില്ല. ഒരു കുട്ടി, അല്ലെങ്കില്‍ അച്ഛനോ അമ്മയ്‌ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമോ സംസ്ഥാനം മുന്നോട്ട് വച്ചേക്കും. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഇത് സംബന്ധിച്ച നിയമസാധുത പരിശോധിച്ച ശേഷം മാത്രമാവും അന്തിമതീരുമാനം.

error: Content is protected !!