ബ്രോസ്റ്റിലെ ഭക്ഷ്യവിഷബാധ; ഒരു കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഗർഭിണിയും ചികിത്സയിൽ, കട അടപ്പിച്ചു

തിരൂരങ്ങാടി : എആർ നഗർ ഇരുമ്പുചോലയിലെ കടയിൽനിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ജില്ല ആരോഗ്യവകുപ്പ് സന്ദർശിച്ചു. ഡി എം ഒ ഓഫീസിലെ സർവൈലൻസ് ഓഫീസറുടെ നേതൃത്വത്തിൽ ആണ് സന്ദർശിച്ചത്. അതിനിടെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ചികിത്സ തേടി. താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന യാറത്തും പടി സ്വദേശി പാലമടത്തിൽ കോഴിശ്ശേരി മുനീർ – മശ്ഹൂദ എന്നിവരുടെ മകൾ ഫാത്തിമ മിൻഹയെ (10) വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളും സഹോദരനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ബന്ധുക്കളായ 8 പേരും ചികിത്സയിലുണ്ട്. കൂടാതെ പന്താരങ്ങാടി സ്വദേശിനിയായ ഗർഭിണിയെ പരപ്പനങ്ങാടിയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പന്തരങ്ങാടി സ്വദേശി മൂലത്തിൽ ഇജാസ് റഹ്മാന്റെ ഭാര്യ ശഹല റഹീനെ (23) യാണ് അഡ്മിറ്റ് ചെയ്തത്. ഇജാസ് റഹ്മാൻ, സഹോദരൻ ഹിഷാം, സഹോദരന്റെ 2, 4 വയസ് പ്രായമുള്ള 2 മക്കൾ എന്നിവർക്കും അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ചികിത്സ തേടിയിട്ടുണ്ട്. വെളിമുക്ക് സ്വദേശിയായ ഫഹീം (28) കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചേളാരി ആശുപത്രിയിൽ നിന്ന് ഭേദമില്ലാത്തതിനെ തുടർന്ന് കൊട്ടക്കലിലേക്ക് മാറുകയായിരുന്നു. ഇവർ അഞ്ചു പേരിൽ ഫഹീം മാത്രമാണ് ബ്രോസ്റ്റ് കഴിച്ചതെന്നും മറ്റുള്ളവർ മറ്റു ഭക്ഷണം കഴിച്ചതിനാൽ അവർ ക്ക് പ്രയാസമില്ലെന്നും ഫഹീമിന്റെ കൂടെയുള്ളവർ പറഞ്ഞു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FBPpQJlPrh8DvlsOBDvtbD

കഴിഞ്ഞ ദിവസം അരീത്തോട് സ്വദേശികളായ 9 പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എല്ലാവരും ഒരേ ദിവസം ഒരേ കടയിൽനിന്ന് ഭക്ഷണം കഴിച്ചവരാണ്. ഇരുമ്പുചോലയിലെ കടയിൽനിന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രി 11ന് ശേഷം ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ക്ഷീണം, വയറിളക്കം, ഛർദി എന്നിവയാണുള്ളത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. പലരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതായി പറഞ്ഞു. ബ്രോസ്റ്റും മയോണൈസുമാണ് കഴിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാ ഓഫിസർ ജിജി മേരി ജോൺസന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗവും ആരോഗ്യ വിഭാഗവും കടയിൽ പരിശോധന നടത്തി. സാംപിൾ പരിശോധനക്കയയച്ചു. കട അടച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. അറിയിപ്പു ഉണ്ടാകുന്നത് വരെ തുറക്കരുതെന്ന് നോട്ടീസ് നൽകിയതായും ഇവർ പറഞ്ഞു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ സാംപിളും പരിശോധനയ്ക്ക് അയച്ചതായി മെഡിക്കൽ ഓഫിസർ പറഞ്ഞു.

error: Content is protected !!