കൊച്ചി: പെരുമ്പാവൂര്‍ പ്ലൈവുഡ് കമ്പനി വളപ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ മാലിന്യക്കുഴിയില്‍ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കിട്ടി. സുരക്ഷാ ജീവനക്കാരനായ ബംഗാള്‍ സ്വദേശി നസീര്‍ ഹുസൈന്‍ (23) ആണു മരിച്ചത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് നസീറിന്റെ മൃതദേഹാവശിഷ്ട്ങ്ങള്‍ കണ്ടെത്തിയത്. ഉടലിന്റെ ഭാഗങ്ങളും കാല്‍പാദത്തിന്റെ അസ്ഥിയുമാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, തലയോട്ടി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചില്‍ തുടരുകയാണ്.
പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് ഇന്നലെ രാവിലെ 6.30നാണ് വീണത്. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില്‍ നസീര്‍ അപകടത്തില്‍ പതിക്കുകയായിരുന്നു. ഓടക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന നസീര്‍, ഇവിടെ 15 അടിക്കു മേല്‍ പൊക്കത്തിലാണു പ്ലൈവുഡ് മാലിന്യം. മാലിന്യ കൂമ്പാരത്തില്‍ നിന്നു പുക ഉയരുന്നു കണ്ട് ഇദ്ദേഹം പൈപ്പില്‍ നിന്നു വെള്ളം ചീറ്റിച്ചു അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു. സംഭവം കണ്ട മറ്റൊരു അതിഥിത്തൊഴിലാളി ഹോസ് ഇട്ടു കൊടുത്തു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അഗ്‌നിരക്ഷാ സേനയും പൊലീസും ഉള്‍പ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്നലെ വൈകിട്ട് വരെ കണ്ടെത്താനായിരുന്നില്ല. പൊലീസിന്റെ നേതൃത്വത്തില്‍ ഹിറ്റാച്ചി ഉപയോഗിച്ച് ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചത്. പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന നസീര്‍ ഒരാഴ്ച മുന്‍പാണ് ഓടക്കാലിയില്‍ എത്തിയത്. അടിഭാഗത്തെ തീച്ചൂളയില്‍ പെട്ടിരിക്കാം എന്ന സംശയത്തില്‍ യന്ത്രം ഉപയോഗിച്ചു മാലിന്യം വശങ്ങളിലേക്കു മാറ്റി തിരച്ചില്‍ നടത്തിയിരുന്നു. മാലിന്യ കൂമ്പാരത്തിന് ഉള്ളിലെ തീ അണച്ചെങ്കിലും നസീറിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വൈകിട്ടോടെ തിരച്ചില്‍ നിര്‍ത്തി. ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിച്ച് അധികം വൈകാതെ മൃതദേഹ ഭാഗം കണ്ടെത്തി.