
തിരൂര്‍ : കടുത്ത വേനലില്‍ ജലക്ഷാമം അനുഭവിക്കുന്നവര്‍ക്ക് പുരയിടത്തിലെ 2 കിണറുകളിലെ വറ്റാത്ത ജലസമൃദ്ധി നാട്ടുകാര്‍ക്കുകൂടി ഉപയോഗിക്കാന്‍ മാറ്റിവയ്ക്കുകയാണ് പത്മാവതി അമ്മയും മകള്‍ ഗിരിജയും. തൃപ്രങ്ങോടുള്ള ഇവരുടെ ചെമ്മൂര്‍ വീട്ടില്‍ നിന്ന് പൊന്നാനി നഗരസഭ, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍, തലക്കാട്, വെട്ടം പഞ്ചായത്തുകളിലേക്കെല്ലാം ദിവസവും ഇരുപത്തിയഞ്ചിലേറെ ലോറികളിലായി ലീറ്റര്‍ കണക്കിനു വെള്ളമാണ് സൗജന്യമായി കൊണ്ടുപോകുന്നത്.
7 വര്‍ഷങ്ങളായി വേനലില്‍ ഇവരുടെ വീട്ടിലേക്ക് ശുദ്ധജല വിതരണ വാഹനങ്ങള്‍ എത്താന്‍ തുടങ്ങിയിട്ട്. പുരയിടത്തിലെ കിണറുകളില്‍ ശുദ്ധജലം ലഭിക്കുന്ന കാലത്തോളം എല്ലാവര്‍ക്കും നല്‍കുമെന്നാണ് ഇരുവരും പറയുന്നത്. വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെനിന്നാണ് ശുദ്ധജലം കൊണ്ടുപോകുന്നത്. ഇതിനായി മോട്ടറുകളുമുണ്ട്. ഇതിന്റെ വൈദ്യുതി ബില്ലും ഇവര്‍ തന്നെയാണ് അടയ്ക്കുന്നത്.
കര്‍ഷകയായിരുന്നു പത്മാവതി അമ്മ. തൃക്കണ്ടിയൂര്‍ പിപിഎന്‍എംഎയുപി സ്‌കൂളില്‍നിന്നു വിരമിച്ച അധ്യാപികയാണ് ഗിരിജ. ഗിരിജയുടെ മക്കളായ അനുഷ് സി.നായര്‍, ഡോ. അര്‍ജുന്‍.സി.നായര്‍ എന്നിവരും പിന്തുണയുമായുണ്ട്.