തമിഴ്‌നാട് വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് അരിക്കൊമ്പന്‍, കൃഷിയിടവും നശിപ്പിച്ചു ; മേഘമലയില്‍ നിരോധനാജ്ഞ

കുമിളി: ചിന്നകനാലിന്‍ നിന്നും കാടുകടത്തിയ അരിക്കൊമ്പനെ കൊണ്ട് പൊറുതിമുട്ടി മേഘമല. കഴിഞ്ഞദിവസം രാത്രി മേഘമലയില്‍ തമ്പടിച്ചിരിക്കുന്ന അരിക്കൊമ്പന്‍ കൃഷിയിടവും തമിഴ്‌നാട് വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.

പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം മേഘമലയിലെത്തിയ അരിക്കൊമ്പന്‍ വാഴക്കൃഷി നശിപ്പിക്കാനാണ് ശ്രമിച്ചത്. വനപാലകര്‍ ആനയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചു. ഇതോടെ വനംവകുപ്പിന്റെ വാഹനത്തിനു നേരെ തിരിയുകയും തകര്‍ക്കുകയുമായിരുന്നു. പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് തമിഴ്‌നാട്ടിലെത്തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്. മേഘമലയിലും പരിസര പ്രദേശങ്ങളിലും അരീക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും തേനി ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയില്‍ പരിശോധന നടത്തി.

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയിലെത്തും. തുടര്‍ന്ന് ആനയെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്കുതന്നെ തിരികെയെത്തിക്കാനായി ശ്രമം നടത്തും. 120 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്.

error: Content is protected !!