തേഞ്ഞിപ്പാലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരം കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരി മരുന്ന് വില്പന നടത്തി വന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശി ഇമ്രാന്‍ അലി ഷെയ്ക്ക് (28) ആണ് പിടിയിലായത്.
ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റിക്ക് സമീപം കോഹിനൂരില്‍ വച്ചാണ് 5 കിലോയോളം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരി കടത്ത് സംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരുകയാണ്. ഇയാളുടെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നാട്ടില്‍ കേസുണ്ട്. ഇതില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടന്ന് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ നേതൃത്വത്തില്‍ തേഞ്ഞിപ്പാലം എസ്‌ഐ വിപിന്‍ വി പിള്ള, കൃഷ്ണദാസ്, അനീഷ്, വിവേക്, ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.