താനൂർ : സംസ്ഥാന സർക്കാർ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ വികസന പദ്ധതികൾക്ക് ഇതിനകം 18 കോടി രൂപ വകയിരുത്തിയതായി കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാനത്ത് തന്നെ കുടുതൽ ഫണ്ട് അനുവദിച്ച സർക്കാർ വിദ്യാലയം ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിൽ 5.5 കോടി രൂപ ചെലവഴിച്ച് പുതുതായി നിർമിക്കുന്ന ഹൈസ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം ദോപ്പാലിൽ നടന്ന ദേശീയ സ്‌കൂൾ കായിക മേളയിൽ 4X100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം നേടിയ ദേവധാർ സ്‌ക:ളിലെ സി.പി അബ്ദുറഹൂഫിനെയും കേന്ദ്ര കായിക മന്ത്രാലയം നടത്തിയ പ്ലാന്റ് കോമ്പിറ്റഷൻ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സി. ആദി മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു.
മലപ്പുറം ജില്ലാവിദ്യാഭ്യാസ ഉപഡയരക്ടർ കെ.പി രമേശ് കുമാർ, താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദു റസാഖ്, കെ.വി ലൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി കാദർ കുട്ടി, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ എം. മണി, താനൂർ ബി.ആർ.സി കോർഡിനേറ്റർ കെ.കുഞ്ഞികൃഷ്ണൻ, സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് വി.പി അബ്ദുറഹിമാൻ, പ്രധാനധ്യാപിക പി.ബിന്ദു, പി.ടി.എ. പ്രസിഡന്റ് ബാലകൃഷ്ണൻ ചുള്ളിയത്ത്, പി. അബ്ദുസമദ്, കെ.കെ.പുരുഷോത്തമൻ, ഒ.സുരേഷ് ബാബു, സിദ്ധീഖ്, ഫസൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.