കോഴിക്കോട് ബീച്ച് ആശുപത്രിയിൽ യുവഡോക്ടർമാർ തമ്മിൽ കയ്യാങ്കളി

കോഴിക്കോട് : ഗവ.ജനറല്‍ (ബീച്ച്) ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിന് ഇടയായത്. അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ മുന്‍പില്‍ തുടങ്ങിയ വാക്കേറ്റവും അടിപിടിയും ഹൗസ് സര്‍ജന്‍മാരുടെ മുറിയിലും തുടര്‍ന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍ ഉള്‍പ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്നങ്ങള്‍ അരമണിക്കൂറോളം നീണ്ടു. അടിപിടിയെ തുടര്‍ന്നു ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു.
നെഞ്ചുവേദനയെ തുടര്‍ന്ന് എത്തിയവര്‍, തലകറക്കത്തെ തുടര്‍ന്ന് വന്ന കെഎസ്ആര്‍ടിസി ജീവനക്കാരന്‍, കാലിനു മുറിവേറ്റു വന്ന തലക്കുളത്തൂരിലെ വീട്ടമ്മ തുടങ്ങി മുപ്പതിലേറെ പേരാണ് അത്യാഹിത വിഭാഗത്തിനു സമീപം ചികിത്സ കാത്തുനിന്നത്.  പ്രശ്നം തീര്‍ക്കാനായി രോഗികള്‍ക്കൊപ്പമെത്തിയവര്‍ ഹൗസ് സര്‍ജന്‍മാരുടെ മുറിക്കുള്ളിലേക്ക് കയറാന്‍ നോക്കിയപ്പോള്‍ മുറിയിലെ ലൈറ്റ് അണച്ചു വാതില്‍ അടച്ചു. ഇതോടെ ആളുകള്‍ അവിടേക്ക് പ്രവേശിച്ചില്ല. വലതുകാലിനു മുറിവേറ്റതിനെ തുടര്‍ന്ന് തലക്കുളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ തലക്കുളത്തൂരിലെ സുധയോട് അവിടെ എക്സ്‌റേ സൗകര്യം ഇല്ലാത്തതിനാല്‍ ബീച്ച് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായിരുന്നു. ഇവിടെ എത്തിയപ്പോഴായിരുന്നു അടിപിടി നടന്നത്. എക്സ്റേ എടുത്തു ഡോക്ടറെ കാണിച്ചപ്പോഴാകട്ടെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും രോഗികള്‍ക്ക് ചികിത്സ വൈകിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

error: Content is protected !!