ജീവകാരുണ്യ പ്രവർത്തകനും വ്ലോഗറുമായ യുവാവിന്റെ നേതൃത്വത്തിൽ പാതിരാത്രി ജ്വല്ലറിയുടെ ഭിത്തി തുരന്നു കവർച്ചയ്ക്കു ശ്രമിച്ചു പിടിയിലായി. പ്രദേശത്തു രാത്രികാവലിനുണ്ടായിരുന്ന ഗൂർഖയാണു കവർച്ചാശ്രമം പരാജയപ്പെടുത്തിയതും പ്രതികളെ കുടുക്കിയതും. ചാരിറ്റി പ്രവർത്തകനും വ്ലോഗറുമായ നിലമ്പൂർ പോത്തുകല്ല് എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ (26), വെളിമണ്ണ ഏലിയ പാറമ്മൽ നൗഷാദ് (29), പോത്തുകല്ല് പരപ്പൻ വീട്ടിൽ അമീർ (34), വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ (25) എന്നിവരെയാണു കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. നരിക്കുനി എംസി ജ്വല്ലറിയിലാണു സംഘം കവർച്ചയ്ക്കു ശ്രമിച്ചത്.
രാത്രി പരിശോധന നടത്തുകയായിരുന്ന ഗൂർഖ രാജ് ബഹാദൂർ അസ്വാഭാവിക സാഹചര്യത്തിൽ ജ്വല്ലറിക്കു മുൻപിൽ കാർ കണ്ട് പരിശോധിച്ചപ്പോൾ നാലംഗ സംഘം പിൻചുമർ തുരക്കുന്നതു കാണുകയായിരുന്നു. അമീറിനെ (34) ഗൂർഖ പിടികൂടിയെങ്കിലും മറ്റു 3 പേർ ഓടി രക്ഷപ്പെട്ടു. കവർച്ചക്കാരനെ പിടികൂടാനുള്ള ശ്രമത്തിൽ ഗൂർഖയ്ക്കു പരുക്കുണ്ട്. സ്ഥലത്തെത്തി അമീറിനെ കസ്റ്റഡിയിലെടുത്ത പൊലീസ് തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രക്ഷപ്പെട്ടവരെ കണ്ടെത്തിയത്.
കാറിൽ യാത്ര ചെയ്യുന്നതിനിടെ മുടൂരിൽ കൊടുവള്ളി എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണു പ്രതികൾ പരിചയപ്പെട്ട് കവർച്ച ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. നിധിൻ ഓൺലൈനായി പ്ലാസ്റ്റിക് പിസ്റ്റളും കവർച്ചയ്ക്കായി കമ്പിപ്പാര, ഉളി, ചുറ്റിക, കയ്യുറകൾ എന്നിവയും വാങ്ങിയിരുന്നു. തെളിവു നശിപ്പിക്കാൻ മുളകുപൊടിയും കരുതിയിരുന്നു.
എസ്ഐമാരായ പി.പ്രകാശൻ, എം.കെ.സാജു, പി.ജി.ഷിബു, എഎസ്ഐ കെ.ലിനീഷ്, സീനിയർ സിപിഒമാരായ സുരേഷ് ബാബു, കെ.പ്രജീഷ്, എ.ബി.ബിനേഷ്, സിപിഒമാരായ ഷഫീഖ് നീലിയാനിക്കൽ, എസ്.ശ്രീജേഷ്, ഡ്രൈവർ കെ.ജിനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.”