സമസ്ത വഖഫ് സമരത്തിൽ നിന്നും പിന്മാറി, മുഖ്യമന്ത്രിയുടേത് മാന്യമായ സമീപനം

ലീഗ് നിലപാട് പി എം എ സലാം പറയുമെന്ന് കെ പി എ മജീദ്

വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പിഎസ് സിക്ക് വിട്ടതിനെ ചൊല്ലിയുള്ള ‘വഖഫ് സമര’ത്തിൽ നിന്നും സമസ്ത പിന്മാറി. സമസ്ത സമരം ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ മലപ്പുറത്ത് പറഞ്ഞു. സമസ്തക്ക് സമരമല്ല, പ്രതിഷേധ രീതിയാണുള്ളത്. എന്നാൽ വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ പ്രതിഷേധം വേണ്ടെന്ന് നിലപാടാണ് സമസ്തക്കെന്നും അദ്ദേഹം പറഞ്ഞു. 

വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് മാന്യമായ സമീപനമാണ്. വഖഫ് നിയമനം പിൻവലിക്കാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. തുടർ നടപടികളൊന്നും നിലവിൽ എടുത്തിട്ടില്ലെന്നാണ് പറഞ്ഞത്. ആ സ്ഥിതിക്ക് ഇനി പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് അടക്കം ഒരു രാഷ്ട്രീയ പാർട്ടിയുമായും അകലമില്ലെന്നും  ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. പൊതു കോഡിനേഷൻ കമ്മിറ്റി സമസ്തയ്ക്കില്ല. തങ്ങൾമാർ വിളിച്ചു ചേർക്കുമ്പോഴാണ് കോഡിനേഷൻ കമ്മിറ്റി ഉണ്ടാവുക. അതേ സമയം സമസ്ത നിലപാട് വ്യക്തമാക്കിയതോടെ, മുസ്ലിം ലീഗ് പ്രതിരോധത്തിലായി. ലീഗ് നിലപാട് പിഎംഎ സലാം അറിയിക്കുമെന്ന് കെപിഎ മജീദ് പറഞ്ഞു.

വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയായിരുന്നു. നിയമനം പിഎസ് സി ക്ക് വിടും മുമ്പ് വിശദമായ ചർച്ച നടത്തുമെന്നും അത് വരെ തൽസ്ഥിതി തുടരുമെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. സമസ്ത നേതാക്കളുമായുള്ള ചർച്ചയിലാണ് സർക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. വഖഫ് നിയമനവിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ‍ർക്കാരിൻറെ പിന്മാറ്റം. നിയമസഭ  ബിൽ പാസാക്കി ഒരു മാസം തികയും മുൻപാണ് പിന്നോട്ട് പോകൽ. 

error: Content is protected !!