തിരൂരങ്ങാടി നഗരസഭയിൽ മോഷണം, ചാരിറ്റി ബോക്‌സുകൾ പൊളിച്ചു പണം കവര്‍ന്നു

തിരൂരങ്ങാടി നഗരസഭയിലെ ചാരിറ്റി ബോക്‌സ് പൊളിച്ചു പണം കവര്‍ന്നു. കരുണ പാലിയേറ്റീവ്, പരിരക്ഷ, പാലിയേറ്റീവ് എന്നിവയുടെ 3 ചാരിറ്റി ബോക്‌സുകളിലെ പണമാണ് മോഷ്ടിക്കപ്പെട്ടത്. ഫ്രണ്ട് ഓഫിസിന് മുന്‍പില്‍ സ്ഥാപിച്ചതായിരുന്നു 3 പെട്ടികളും. കഴിഞ്ഞ ദിവസം രാവിലെ ഓഫീസ് ശുചീകരണത്തിനെത്തിയ തൊഴിലാളിയാണ് മുകള്‍ നിലയിലെ അസി.എന്‍ജിനീയറുടെ ഓഫിസിന് മുന്‍പില്‍ പൊട്ടിച്ച നിലയില്‍ ബോക്‌സുകള്‍ കണ്ടത്. ഏതാനും ചില്ലറ നാണയങ്ങള്‍ ഒഴികെ ബാക്കിയെല്ലാം മോഷ്ടിച്ച ശേഷം പെട്ടി ഇവിടെ ഉപേക്ഷിച്ചതായിരുന്നു.

വാര്‍ത്തകള്‍ വാട്‌സാപ്പില്‍ ലഭിക്കാന്‍ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8


എപ്പോഴാണ് മോഷ്ടിച്ചതെന്ന് വ്യക്തമല്ല. രാത്രിയില്‍ സുരക്ഷാ ജീവനക്കാരനുണ്ട്. രാത്രിയിലാണോ പകലാണോ മോഷണം എന്ന് വ്യക്തമല്ല. ഓഫിസിന്റെ പൂട്ടുകള്‍ പൊളിക്കുകയോ മറ്റോ ചെയ്തിട്ടില്ല. രാവിലെ 7 മണിക്ക് ശുചീകരണ തൊഴിലാളികള്‍ എത്താറുണ്ട്. 9 ന് ശേഷമാണ് മറ്റു ജീവനക്കാര്‍ വരിക. ഇതിനിടയില്‍ ആരെങ്കിലും കയറി മോഷ്ടിച്ചതാണോ എന്നും സംശയമുണ്ട്. ഓഫിസില്‍ സിസിടിവി ഉണ്ടെങ്കിലും ഒന്നിലും റെക്കോര്‍ഡിങ്ങ് ഇല്ലെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏതാനും മാസം മുന്‍പ് ഓഫിസിനുള്ളില്‍ കയറിയ തമിഴ്‌നാട് സ്വദേശികള്‍, ഇലക്ടിക്കല്‍ ഉപകരണങ്ങള്‍ മോഷ്ടിച്ചിരുന്നു. സംഭവം കണ്ട സ്വകാര്യ ലാബിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

error: Content is protected !!