തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിന് തൊണ്ടി മണല്‍ ഉപയോഗിച്ചെന്ന് ആക്ഷേപം. വിഷയത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന നവീകരണത്തിനാണ് തൊണ്ടി മണല്‍ ഉപയോഗിച്ചതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ജില്ലാ പൈതൃക മ്യൂസിമായ ഹജൂര്‍ കച്ചേരി വളപ്പില്‍ പോലീസ് പിടിച്ചു നിര്‍ത്തിയ ലോറിയിലെ മണലുകളാണ് നവീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയിലാണ് ഈ ലോറികള്‍ പിടികൂടിയത്. ലോറി നിറയെ മണലുണ്ടായിരുന്നു. ഒന്നര യൂണിറ്റോളം മണല്‍ നിറച്ച ലോറികളായിരുന്നു പിടികൂടിയിരുന്നത്. ഇപ്പോള്‍ ഒരു ലോറിയില്‍ പേരിന് മാത്രമാണ് മണലുള്ളത്.
18 ലക്ഷം രൂപയുടെ നവീകരണമാണ് സ്റ്റേഷനില്‍ നടക്കുന്നത്. നാല് പതിറ്റാണ്ട് കാലംമുമ്പ് നിര്‍മ്മിച്ചതാണ് സ്റ്റേഷന്‍ കെട്ടിടം. അടര്‍ന്ന് വീണുകൊണ്ടിരുന്ന ടെറസ് പാളികള്‍, ചോര്‍ച്ച, മറ്റു അസൗകര്യങ്ങളെല്ലാം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീകരണം നടക്കുന്നത്. എന്നാല്‍ തൊണ്ടി വാഹനത്തിലെ മണല്‍ ഉപയോഗിക്കുന്ന ശ്രദ്ധയില്‍പ്പെട്ടയുടനെ ജോലിക്കാരനോട് ചോദിച്ചെങ്കിലും ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വിഷയത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന് പരാതി നല്‍കി. തിരൂരങ്ങാടി പൊലീസ് കള്ളക്കളിക്ക് കൂട്ട് നില്‍ക്കുകയാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ് പരാതിയില്‍ ആവശ്യപ്പെട്ടു.