തിരൂർ : കെ-റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായാണ് തിരൂർ പൂക്കയിൽ സ്വദേശി ഹസീബ് തങ്ങൾ നവകേരള സദസ്സുമായി ബന്ധപ്പെട്ട് തിരൂരിൽ നടന്ന മലപ്പുറം ജില്ലയിലെ ആദ്യ പ്രഭാത സദസ്സിൽ എത്തിയത്. മുസ്ലിം ലീഗ്
നേതാവ് ആയിരുന്ന പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനാണ് ഹസീബ് തങ്ങൾ. രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത സർക്കാർ നടത്തുന്ന പരിപാടിയെ ബഹിഷ്കരിക്കുന്നതിൽ അർത്ഥമില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നിരവധി റെയിൽ ഗതാഗത പദ്ധതികൾ ചെറുപ്പകാലം മുതൽ കേൾക്കുന്നതാണ്. പലതും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. 2017ൽ പ്രകടന പത്രികയിൽ അവകാശപ്പെട്ട തെക്കുവടക്ക് അതിവേഗ പാതയെക്കുറിച്ച് അറിയാനാണ് പ്രഭാത സദസ്സിൽ എത്തിയത്. മുഖ്യമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്തു. കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ തടസ്സം എന്നാണ് അറിയാൻ കഴിഞ്ഞത്.
എന്നാൽ ഈ തടസ്സങ്ങൾ കാരണം ഇത്തരത്തിലൊരു മികച്ച മികച്ച പദ്ധതി നടപ്പിലാക്കാതിരിക്കാനും ആവില്ല എന്നാണ് മുഖ്യമന്ത്രി തന്ന മറുപടി. ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. തിരൂരിന് പ്രത്യേകിച്ചും ഏറെ ഗുണകരമാകുന്ന കെ-റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന് കരുതുന്നതായും ഹസീബ് തങ്ങൾ പറഞ്ഞു.