ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ചട്ടിപ്പറമ്പ്: ഈസ്റ്റ്‌കോഡൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവറുടെയും നാട്ടുകാരുടെയും സമചിത്തതയോടെയുള്ള ഇടപെടലിനെത്തുടർന്ന് വൻദുരന്തം ഒഴിവായി. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെടുകയുംചെയ്തു. ഓടിക്കൊണ്ടിരിക്കെ തീപടരാൻ കാരണം ഇന്ധനച്ചോർച്ചയാകുമെന്നാണ് കരുതുന്നത്.

കോഡൂർ വെസ്റ്റിലെ വരിക്കോട്ടിൽനിന്ന് ഈസ്റ്റ്‌കോഡൂർ പി.കെ. പടിയിലെ മരണവീട്ടിലേക്ക് വരികയായിരുന്ന കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ സഞ്ചരിച്ച കാറിലാണ് തീപടർന്നത്.

പറേരങ്ങാടിയിലെ ഗോൾ പോയിന്റ് ടർഫിന് സമീപത്തെത്തിയപ്പോൾ കാറിന്റെ മുൻഭാഗത്തുനിന്ന് പെട്ടന്ന് പുക ഉയരുകയായിരുന്നു. പുക കണ്ടയുടനെ ഡ്രൈവർ വാഹനം റോഡിന്റെ ടാറുള്ള ഭാഗത്തുനിന്നു മാറ്റി ടർഫിനു സമീപത്തെ കോൺക്രീറ്റ് സ്ലാബിന്റെ മുകളിലേക്കു പാർക്ക്‌ചെയ്തു. ഉടൻതന്നെ കാറിന്റെ അടിഭാഗത്തുനിന്ന് തീ നിലത്തേക്കു പരന്നെങ്കിലും വാഹനം ടാറില്ലാത്ത ഭാഗത്തായതിനാൽ തീ കൂടുതലായി വ്യാപിച്ചില്ല.

ടർഫിൽ കളിക്കുന്നവരും കളികാണുന്നവരും ഒന്നിച്ചോടിയെത്തി യാത്രക്കാരെ കാറിൽനിന്ന് ഇറക്കി ദൂരെ മാറ്റിനിർത്തിയശേഷം ചെറിയതോതിൽ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല.

തുടർന്ന് ടർഫിന്റെ എതിർവശത്തുള്ള വീട്ടിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യാൻ സൗകര്യമൊരുക്കി. ഹോട്ടൽ ഉടമസ്ഥരും ജീവനക്കാരും പ്രദേശത്തെ യുവജനങ്ങളും കൂട്ടായി പ്രവർത്തിച്ച് അതിശക്തമായി വെള്ളം പമ്പുചെയ്തു തുടങ്ങിയതോടെയാണ് തീ അണയ്ക്കാനായത്

error: Content is protected !!