ഇടുക്കി: എസ്ഡിപിഐ പ്രവർത്തകർക്ക് പോലീസ് ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകിയതിന് പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്ക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസിൽ നിന്നും ഇയാൾ ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയെന്നാണ് വിവരം.
വളരെ യാദൃശ്ചികമായിട്ടാണ് അനസിലേക്ക് അന്വേഷണമെത്തുന്നത്. തൊടുപുഴയിൽ ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ ബസിൽ നിന്ന് വലിച്ചിറക്കി മർദിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ ഇട്ടതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു ആക്രമണത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്ഡിപിഐ പ്രവർത്തരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ മൊബൈലിൽ നിന്നാണ് ഇതേപ്പറ്റിയുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്.
ഇയാളുമായി അനസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നതായും പോലീസ് ഡാറ്റാബേസിലുള്ള ആർഎസ്എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാൾക്ക് വാട്സാപ്പിലൂടെ അയച്ചു നൽകാറുണ്ടെന്നും കണ്ടെത്തുകയായിരുന്നു. അപ്പോൾ തന്നെ അനസിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് ശേഷമുള്ള വിശദമായ അന്വേഷണത്തിൽ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നാണ് വിവരം. പിന്നാലെയാണ് സസ്പെൻഷൻ