സുപ്രധാന മാറ്റങ്ങളുമായി എത്തുകയാണ് യുപിഐ. നവംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നവംബര്‍ ഒന്നുമുതല്‍ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ യുപിഐയില്‍ ഓട്ടോ ടോപ് അപ്പ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഈ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ നിര്‍ദേശപ്രകാരം ഉപയോക്താക്കള്‍ക്ക് പിന്‍ നമ്പര്‍ നല്‍കാതെ തന്നെ 1000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനാകും. മുമ്പ് ട്രാന്‍സാക്ഷന്‍ പരിധി 500 രൂപയായിരുന്നു. പ്രതിദിന ഇടപാടുകളുടെ പരിധി 4000 ആണ്. പരമാവധി വാലറ്റ് ബാലന്‍സ് പരിധി 2000ല്‍ നിന്ന് 5000 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്.
എന്താണ് യുപിഐയിലെ ഓട്ടോ ടോപ്പ് അപ്പ് ഫീച്ചര്‍ ?
ഒരു നിശ്ചിത തുകയെക്കാള്‍ യുപിഐ ലൈറ്റിലെ ബാലന്‍സ് താഴ്ന്നാല്‍ ഓട്ടോ ടോപ് അപ്പ് ഫീച്ചറിലൂടെ ഓട്ടോമാറ്റിക്കായി പണം റീചാര്‍ജ് ചെയ്യപ്പെടും. ഇത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം അഞ്ച് ഓട്ടോമാറ്റിക് റീചാര്‍ജുകളുടെ ടോപ്പ് അപ്പ് തുക സജ്ജീകരിക്കാനാകും. ഈ സംവിധാനത്തിലൂടെ യുപിഐ സേവനം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ പറയുന്നത്.
ഈ സൗകര്യം ലഭ്യമാകുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും യുപിഐ ലൈറ്റ് വാലറ്റ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പണം എത്തുന്ന തരത്തില്‍ യുപിഐ ആപ്പിലെ മാന്‍ഡേറ്റ് ക്രമീകരിക്കാവുന്നതാണ്. പിന്നീട് എപ്പോള്‍ വേണമെങ്കിലും ഇത് റദ്ദാക്കാനും സാധിക്കും.