![](https://tirurangaditoday.in/wp-content/uploads/2025/02/20250214_085329-1024x567.jpg)
വളാഞ്ചേരി: ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം സിനിമാ താരം വിൻസി അലോഷ്യസ് നിർവഹിച്ചു. ‘കലൈക്യ’ എന്ന പേരിലാണ് ഇൻ്റർസോൺ കലോത്സവം നടത്തപ്പെടുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ എ, ബി, സി, ഡി, എഫ് സോൺ കലോത്സവം പൂർത്തിയാക്കിയതിന് ശേഷമാണ് ഇൻ്റർസോൺ കലോത്സവം നടക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ നടന്ന കലോത്സവങ്ങളിൽ വിജയിച്ച ഒന്ന്, രണ്ട് സ്ഥാനക്കാരും അപ്പീൽ മുഖേന എത്തിയവരുമാണ് ഇൻ്റർസോൺ കലോത്സവത്തിന് യോഗ്യരായി മത്സരത്തിൽ പങ്കെടുക്കുന്നത്. അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ മജ്‌ലിസിൽ കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
ലോഗോ പ്രകാശന ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ, ജനറൽ സെക്രട്ടറി സഫ്‌വാൻ പത്തിൽ, ജോയിൻ്റ് സെക്രട്ടറി കെ.പി.അശ്വിൻ നാഥ്, സംഘാടക സമിതി ഭാരവാഹികളായ ഫർഹാൻ ബിയ്യം, ജാബിർ പൊന്നാനി, കെ.പി.മുഹമ്മദ് യാസീൻ, വി.ടി.ആഷിഖ് ഷിബിൻ, എ.കെ.ഷഹ്‌ല ഷെറിൻ എന്നിവർ സംബന്ധിച്ചു.