
തിരൂരങ്ങാടി : പ്രമുഖ പ്രഭാഷകൻ ഹാഫിള് മസ്‌ഊദ് സഖാഫി ഗൂഡല്ലൂർ (41) അന്തരിച്ചു. ചെമ്മാട് സി കെ നഗർ മഹല്ല് ജുമാ മസ്ജിദിലെ മുദരിസ് ആയിരുന്നു. ഇന്ന് (23-02-25, ഞായര്‍) ഉച്ചക്ക് രണ്ടിന് പുളിയക്കോട് മേല്‍മുറി സുന്നി സെന്റര്‍ മസ്ജിദുല്‍ ഫൗസില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. വൈകിട്ട് നാലു മണിയോടെ വഴിക്കടവ് കെട്ടുങ്ങല്‍ ജുമാമസ്ജിദില്‍ കബറടക്കവും നടക്കും.
ഗൂഡല്ലൂരിന് സമീപം പെരിയശോല മൂന്നാംതൊടിക അബ്ദുല്‍ കരീമിന്റെ മകന്‍ ആണ് . ഭാര്യ: റമീസ ഗൂഡല്ലൂര്‍. മക്കള്‍: അബ്ദല്ല ഉവൈസ്, അബ്ദുല്ല ലബീബ്, ഫാത്തിമ ദിഷ്ന. സഹോദരങ്ങള്‍: സൈനുല്‍ ആബിദീന്‍ അഹ്സനി ഓമശ്ശേരി, ശിഹാബുദ്ധീന്‍ ഇര്‍ഫാനി തൃശൂര്‍, ഖദീജ, സുബൈബ, ഹഫ്സ, ആതിഖ, സൗദ.
നാട്ടിലെ പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം ഒറവുമ്പ്രം ഹിഫുളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. എടവണ്ണപ്പാറ ദാറുല്‍ അമാനില്‍ ആറ് വര്‍ഷത്തോളം ടി സി മുഹമ്മദ് മുസ്‌ലിയാര്‍, തറയിട്ടാല്‍ ഹസന്‍ സഖാഫി, ഖാരി ഊരകം അബ്ദുറഹ്മാന്‍ സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര, ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര എന്നിവരുടെ കീഴില്‍ പഠനം നടത്തി. പിന്നീട് മര്‍ഹും കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ കീഴില്‍ അസീസിയ്യയില്‍ രണ്ട് വര്‍ഷം ദര്‍സ് പഠനം. പിന്നീട് കാരന്തൂര്‍ മര്‍കസില്‍ നിന്ന് സഖാഫി ബിരുദം നേടി.
അസീസിയ്യ കാന്തപുരം, കടുങ്ങല്ലൂര്‍ ചെറപ്പാലം, കക്കാട് സര്‍ക്കാര്‍ പറമ്പ് എന്നിവടങ്ങളില്‍ ദര്‍സ് അധ്യാപനം നടത്തി. ചെമ്മാട് സി കെ നഗറിലാണ് നിലവില്‍ ദര്‍സ് നടത്തിയിരുന്നത്. ഏറെക്കാലം കിഴിശ്ശേരി കടുങ്ങല്ലൂര്‍ ചെറപ്പാലത്താണ് ദര്‍സ്. അതുകൊണ്ട് തന്നെ ചിറപ്പാലത്തിനടുത്ത് പുളിയക്കോട് മേല്‍മുറിയിലായിരുന്നു താമസം. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കല്‍ മുസ്‌ലിയാര്‍, എം എം അബ്ദുല്ല മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്‌ലിയാര്‍, വാളക്കുളം വീരാന്‍കുട്ടി മുസ്‌ലിയാര്‍, എടക്കുളം ലത്തീഫ് മുസ്‌ലിയാര്‍, പടനിലം ഹുസ്സൈൻ മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഉസ്താദുമാർ.