
മത അധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും ധാർമികതയിലൂന്നിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം : ജിഫ്രി തങ്ങൾ
തിരൂരങ്ങാടി : ദിനേന കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഭീതിപ്പെടുത്തുന്നതാണെന്നും അതിൽനിന്ന് മുക്തി നേടാൻ മതം അനുശാസിക്കുന്ന മൂല്യങ്ങളും ധാർമിക ചിന്തകളും ഉൾക്കൊണ്ട് ജീവിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. നമ്മുടെ പ്രപിതാക്കൾക്കുണ്ടായിരുന്ന പരസ്പര സ്നേഹവും ആദരവും ഇക്കാലത്ത് ഇല്ലെന്നും അത്തരം അധ്യാപനങ്ങളും മര്യാദകളും കുട്ടികൾക്ക് അധ്യാപകരും രക്ഷിതാക്കളും പകർന്നു നൽകണമെന്നും അദ്ദേഹം പറഞ്ഞു. സമീപ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മത അധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും ആവശ്യമായ കൂടിയാലോചനകൾ നടത്തി ധാർമികതയിലൂന്നിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും
തങ്ങൾ അഭിപ്രായപ്പെട്ടു. ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയുടെ റമദാൻ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാറുൽഹുദാ വൈസ്ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് സ്വാഗതവും കെ.പി.എ മജീദ് എം.എൽ.എ ആശംസയും പറഞ്ഞു. യു. ശാഫി ഹാജി ചെമ്മാട് , കെ.എം സൈദലവി ഹാജി പുലിക്കോട്, സി.കെ മുഹമ്മദ് ഹാജി, പി . കെ മുഹമ്മദ് ഹാജി, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് , സി. യൂസുഫ് ഫൈസി മേൽമുറി, ഇബ്രാഹിം ഫൈസി കരുവാരക്കുണ്ട്, ഹംസ ഹാജി മൂന്നിയൂർ പങ്കെടുത്തു.
ഇന്ന് നടക്കുന്ന മജ്‌ലിസുന്നൂറിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇബ്രാഹീം ഖലീല്‍ ഹുദവി കാസര്‍ഗോഡ് പ്രഭാഷണം നടത്തും. പരമ്പരയുടെ മൂന്നാം ദിനമായ മാര്‍ച്ച് എട്ടിന് ശനിയാഴ്ച പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണവും നടത്തും. സമാപന ദിനമായ ഒമ്പതിനു ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.