കെ-റെയിലിനെതിരെ പരപ്പനങ്ങാടി നഗരസഭയിൽ പ്രമേയം; എൽഡിഎഫും യു ഡി എഫും വാക്കേറ്റം, പ്രമേയവും ഡിപിആറും കത്തിച്ചു

പ്രമേയത്തെ ബി ജെ പി യും അനുകൂലിച്ചു

പരപ്പനങ്ങാടി: കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരേ പരപ്പനങ്ങാടി നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചതിനെ തുടർന്ന് നാടകീയ രംഗങ്ങൾ.

തിങ്കളാഴ്ച രാവിലെയാണ് പരപ്പനങ്ങാടി നഗരസഭാ കൗൺസിൽ യോഗം ചേർന്നത്.

പരപ്പനങ്ങാടി നഗരസഭയെ കെ -റെയിൽ വലിയ തോതിൽ ദോഷകരമായി ബാധിക്കുമെന്നു പറഞ്ഞാണ് യു.ഡി.എഫ്. കൗൺസിലർമാരായ പി.വി. മുസ്തഫ അനുവാദകനും കെ.കെ.എസ്. തങ്ങൾ അവതാരകനുമായി പ്രമേയം അവതരിപ്പിച്ചത്. ഇതോടെ പ്രതിപക്ഷം രംഗത്തെത്തി.

തുടർന്ന് ഇരുവിഭാഗവും വാക്കേറ്റത്തിൽ ഏർപ്പെട്ടു. കെ -റെയിൽ വിരുദ്ധ പ്രമേയത്തെ ബി.ജെ.പി. അംഗങ്ങൾ അനുകൂലിച്ചു. കെ-റെയിൽ വന്നാൽ മുന്നൂറോളം കുടുംബങ്ങൾ കുടിയിറക്കപ്പെടുമെന്ന് പ്രമേയത്തിൽ പറഞ്ഞു. ഇരകളുടെ പുനരധിവാസം പ്രശ്നമാകും. തീരദേശ സംരക്ഷണനിയമവും പുഴയോരത്തെ നിയമങ്ങളും ജനങ്ങൾക്ക് വാസയോഗ്യമായ ഇടംനൽകാൻ തടസ്സമാകും. പരപ്പനങ്ങാടിയിൽ കെ-റെയിൽ പദ്ധതി വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും നഗരത്തിന്റെ മധ്യത്തിലൂടെ പോകുന്നതു കാരണം പരപ്പനങ്ങാടിയെന്ന ചരിത്രനഗരം ഇല്ലാതാകുമെന്നും പ്രമേയത്തിൽ പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ കൗൺസിലർ ഷമേജ്‌ പ്രമേയം കീറിയെറിഞ്ഞു. തുടർന്ന് പ്രതിപക്ഷ കക്ഷികൾ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ പ്രമേയം പാസാക്കി. 29 യു.ഡി.എഫ്. അംഗങ്ങളും മൂന്ന് ബി.ജെ.പി. അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. നഗരസഭയ്ക്കു പുറത്തുനിന്ന് പ്രതിഷേധം തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ പ്രമേയം കത്തിച്ചു. തുടർന്ന് യു.ഡി.എഫ്. നേതൃത്വത്തിൽ കെ -റെയിൽ പദ്ധതിയുടെ ഡി.പി.ആർ. കത്തിച്ച് പ്രതിഷേധിച്ചു.

error: Content is protected !!