സന്തോഷ് ട്രോഫി ദേശീയ മത്സരത്തിന് കോട്ടപ്പടി സ്റ്റേഡിയം ഒരുങ്ങുന്നു; പ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക്

Copy LinkWhatsAppFacebookTelegramMessengerShare

സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ ബി ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം ഒരുങ്ങുന്നു.
അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നിര്‍ദേശിച്ചിട്ടുള്ള ഗ്രൗണ്ടിലെ പുല്ലുകള്‍ വളര്‍ത്തല്‍ മുതല്‍ ഡഗ്ഔട്ടിന് സമീപത്തെ കമ്പിവേലി പിന്നിലേക്ക് മാറ്റുന്നതടക്കമുള്ള ജോലികളാണ് നിലവില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ തവണ കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ച എ.ഐ.എഫ്.എഫ് സംഘം നിര്‍ദേശിച്ച പ്രാഥമിക ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റേഡിയത്തിലെ പുല്ലുകള്‍ക്കിടയിലെ വിടവുകള്‍ തീര്‍ക്കല്‍. ആ പ്രവൃത്തിയാണ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. സര്‍ക്കാറിന്റെ കീഴിലുള്ള കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ജോലിക്കാരാണ് ഗ്രൗണ്ടിലെ പുല്ലുകളുടെ പരിപാലനം നിര്‍വ്വഹിക്കുന്നത്. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് അവസാനിക്കുന്നത് വരെ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ കീഴിലായിരിക്കും നടക്കുക. സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ മോടി പിടിപ്പിക്കുക, ഡ്രസ്സിങ് റൂമിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ജോലികളും ഇതില്‍ ഉള്‍പ്പെടും. സ്റ്റേഡിയത്തില്‍ ഡ്രസ്സിങ് റൂമുകളുടെ സൗകര്യം താഴെയും മുകളിലും മെച്ചപ്പെടുത്തും. സാധാരണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍ നടക്കുന്ന സമയത്ത് താഴത്തെ ഗ്രസ്സിങ് റൂമുകളാണ് തുറന്നു കൊടുക്കാറ്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ 8000 പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയാണുള്ളത്. മത്സരം കാണാനെത്തുന്ന ആരാധകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ ഏകീകരിച്ച് പ്രത്യേകം പ്ലാന്‍ ഉണ്ടാക്കി മാര്‍ക്ക് ചെയ്ത പ്രെപോസല്‍ ജില്ലാ പോലീസ് മേധവി, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ആര്‍.ടി.ഒ, മലപ്പുറം നഗരസഭ എന്നിവര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്യൂരിറ്റി ആന്റ് പാര്‍ക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചതായി സ്‌ന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനറും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ എ. ശ്രീകുമാര്‍ പറഞ്ഞു. ഫ്‌ളഡ് ലൈറ്റ് ഇല്ലാത്തതിനാല്‍ രാവിലെ 9.30 നും  വൈകീട്ട് മൂന്നിനുമായിരിക്കും കോട്ടപ്പടി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍. അതനുസരിച്ചുള്ള പ്രാഥമിക മത്സരക്രമമാണ് തയാറാക്കിയിട്ടുള്ളത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!