മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ അധിക്ഷേപം: ഐഎൻഎൽ വഹാബ് വിഭാഗം നേതാവിനെതിരെ കേസ്

തിരൂരങ്ങാടി: ഐ എൻ എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി യും സംസ്ഥാന പുരാവസ്തു – തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിലിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് വഹാബ് വിഭാഗം ഐ എൻ എൽ നേതാവിനെതിരെ പോലീസ് കേസ് എടുത്തു. തിരൂരങ്ങാടി മണ്ഡലം വഹാബ് വിഭാഗം ജനറൽ സെക്രട്ടറി തെന്നലയിലെ യു കെ അബ്ദുൽ മജീദിന് എതിരെയാണ് കേസ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രെട്ടറിയുടെ പരാതിയിലാണ് കേസ് എടുത്തതെന്ന് തിരൂരങ്ങാടി പോലീസ് പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചു, മോശം പരമാർശങ്ങൾ നടത്തി തുടങ്ങിയവയാണ് പരാതി.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM

സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബിന്റെ അനുയായി ആയ ഇദ്യേഹം, ഐ എൻ എല്ലിലെ തർക്കത്തെ തുടർന്ന് വഹാബിന് അനുകൂലമായും അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ എന്നിവർക്കെതിരയും സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടൽ നടത്താറുണ്ട്. പുരാവസ്തു വകുപ്പിലെ ഇന്റർവ്യൂ മാറ്റി വെച്ചതിനെ തുടർന്ന് അഴിമതി സൂചന നൽകിയും, ഐ എൻ എൽ പ്രവർത്തകരെ കേരള കോണ്ഗ്രെസ്സിലേക്ക് ചേർക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലുമൊക്കെ ഈയിടെ പോസ്റ്റിട്ടിരുന്നു.

ഐ എൻ എൽ ഇരുവിഭാഗങ്ങൾ തമ്മിലാണ്ടായ പരസ്യമായ സംഘട്ടത്തിന് ശേഷം കാന്തപുരം അബൂബക്കർ മുസ്ലിയാരും മകൻ എ പി അബ്ദുൽ ഹക്കീം അസ്ഹരിയും ഇടപെട്ട് ഒത്തു തീർപ്പിലെത്തിച്ചിരുന്നെങ്കിലും വീണ്ടും ഇരു വിഭാഗവും വഴിപിരിയലിന്റെ വക്കിലാണ്. എൽ ഡി എഫ് നൽകിയ ബോർഡ് ചെയർമാൻ, ഡയറക്റ്റർ ബോർഡ് അംഗത്വം സംബന്ധിച്ച തർക്കമാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കിയത്. അതിനിടെയാണ് വഹാബ് വിഭാഗത്തിന്റെ പ്രവർത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. അതേ സമയം, മന്ത്രിയും പേഴ്സണൽ സ്റ്റാഫും അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും സ്വന്തം പാർട്ടിയിൽ എതിരഭിപ്രായമുള്ളവരെ കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്നുമാണ് വഹാബ് വിഭാഗത്തിന്റെ പരാതി. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നും ഇവർ പറയുന്നു.

error: Content is protected !!