131 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ
സംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. ജില്ലയില്‍ 54 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ പാത. വള്ളിക്കുന്ന്, അരിയല്ലൂര്‍, നെടുവ, താനൂര്‍, താനാളൂര്‍, നിറമരുതൂര്‍, പരിയാപുരം, തിരൂര്‍, തൃക്കണ്ടിയൂര്‍, തലക്കാട്, തിരുന്നാവായ, തവനൂര്‍, വട്ടംകുളം, കാലടി, ആലങ്കോട് എന്നീ വില്ലേജുകളിലൂടെയാണ് ജില്ലയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നത്. ഈ വില്ലേജുകളിലെ പദ്ധതി പ്രദേശങ്ങളില്‍ സാമൂഹികാഘാത പഠനത്തിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തുടരുന്നത്. ഈ നിയമത്തിന്റെ 4(1) വകുപ്പു പ്രകാരമുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. തിക്കോടി വി.കെ കണ്‍സല്‍ട്ടന്‍സിക്കാണ് ജില്ലയിലെ സാമൂഹികാഘാത പഠന ചുമതല. 131 ദിവസത്തിനകം സാമൂഹികാഘാത പഠനം പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ.
പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്, പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സര്‍ക്കാര്‍ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകള്‍, കോളനികള്‍, മറ്റു പൊതു ഇടങ്ങള്‍ എത്ര, ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും നിര്‍ദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹിക ആഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയ കാര്യങ്ങള്‍ പഠിക്കും. സാമൂഹിക ആഘാത പഠനം നടത്തി കരട് പ്രസിദ്ധീകരിച്ച് പൊതു ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ പദ്ധതി ബാധിതര്‍ക്ക് അവര്‍ക്ക് പറയാനുള്ളത് പറയാന്‍ അവസരം നല്‍കും. അതിനു ശേഷമാണ് റിപ്പോര്‍ട്ട് അന്തിമമാക്കുക. ഈ റിപ്പോര്‍ട്ട് വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ഇതെല്ലാം പരിഗണിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ.
പദ്ധതിയുടെ മാതൃക പ്രകാരം ജില്ലയില്‍ തിരൂരിലാണ് സില്‍വര്‍ ലൈന്‍ പാതയില്‍ ഏക സ്റ്റോപ്പ്. നിലവിലെ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 3.82 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍. സില്‍വര്‍ ലൈന്‍ നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി കടന്നുപോകും. 54 കിലോമീറ്ററാണ് ജില്ലയില്‍ പാതയുടെ ദൂരം. ആധുനിക സജ്ജീകരണങ്ങളോടെയാകും സ്റ്റേഷന്‍ സമുച്ചയം. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യവുമൊരുക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ- വാഹന കണക്ടിവിറ്റിയുമുണ്ടാകും. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും സ്റ്റേഷന്‍ സമുച്ചയത്തിലുണ്ടാകും.
സില്‍വര്‍ ലൈന്‍ പാതയിലൂടെ തിരൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് മണിക്കൂര്‍ 21 മിനിറ്റിനുള്ളില്‍ എത്താനാകും. കാസര്‍കോട്ടേക്ക് ഒരു മണിക്കൂര്‍ 33 മിനിറ്റാണ് യാത്രാസമയം. കൊച്ചി വിമാനത്താവളത്തിലേക്ക് എത്താന്‍ 56 മിനിറ്റും കോഴിക്കോട്ടേയ്ക്ക് 19 മിനിറ്റും മതി. 25 മിനിറ്റിനുള്ളില്‍ തൃശൂരിലേക്കും എത്താം. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി രാജ്യാന്തര വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവയാണ് സ്റ്റേഷനുകള്‍. ആകെ 529.45 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് സില്‍വര്‍ ലൈന്‍ പാതയുടെ പ്രവര്‍ത്തന വേഗത. കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികളും തുടങ്ങി. 63,940.67 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 33,700 കോടി രൂപ സമാഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചു തന്നെ വായ്പാ തിരിച്ചടവു സാധ്യമാകും വിധമാണ് ഡി.പി.ആര്‍. ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിലാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.