സഹായം ചോദിച്ചെത്തി മോഷണം, ‘വെള്ളിയാഴ്ച കള്ളൻ’ പിടിയിൽ

കൽപക‍ഞ്ചേരി : മകളുടെ വിവാഹമാണെന്ന വ്യാജേന വീടുകളിൽ സഹായമഭ്യർഥിച്ചെത്തി കുട്ടികളുടെ സ്വർണാഭരണം കവരുന്ന ആളെ പൊലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി മദാരി പള്ളിയാലിൽ അബ്ദുൽ അസീസിനെ(50) ആണ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, കൽപകഞ്ചേരി സിഐ പി.കെ.ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമായത്താണ് ഇയാൾ മോഷണത്തിനായി വീടുകളിൽ എത്തുന്നത്.

കഴിഞ്ഞ 5ന് ഉച്ചസമയത്ത് മച്ചിങ്ങപ്പാറയിലെ ഒരു വീട്ടിലെത്തി സഹായം സ്വീകരിച്ചശേഷം വീടിന്റെ പിറകുവശത്ത് കളിച്ചുകൊണ്ടിരിക്കുകയാ‌യിരുന്ന രണ്ടര വയസ്സായ കുട്ടിയുടെ മൂന്നര പവൻ സ്വർണാഭരണം ഊരിയെടുത്ത് ‌ഇയാൾ കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിൽനിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അസീസിന്റെ രേഖാചിത്രം തയാറാക്കിയശേഷം ‌ഇയാളെ കണ്ടെത്താൻ പൊലീസ് സമൂഹമാധ്യമം വഴി പ്രചാരണം നടത്തി.

https://youtu.be/GG8Geixtwhg
പ്രതിയുമായി തെളിവെടുപ്പിന്റെ വീഡിയോ

താനൂർ ഡാൻസാഫ് ടീമിനെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. ‌അസീസ് മേപ്പാടിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതോടെ പൊലീസ് സംഘമെത്തി അസീസിനെ പിടികൂടുകയായിരുന്നു. ആലുവ, കോട്ടയ്ക്കൽ സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ ‌‌ഇ‌യാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ. ഉണ്ണിക്കൃഷ്ണൻ, എ.എസ്.ഐ. രവി, സി.പി.ഒ മാരായ ശൈലേഷ്, ഹബീബ്, ടാൻസാഫ് സ്ക്വാഡ് അംഗങ്ങളായ അഭിമന്യു, സബറുദ്ദീൻ, വിപിൻ, ജിനീഷ്‌ തുടങ്ങിയവരാണ് സി.ഐ.യുടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

error: Content is protected !!