വധശിക്ഷ വിധിക്കപ്പെട്ടവരിൽ 2 കോട്ടയം സ്വദേശികളും
അഹമ്മദാബാദ് സ്‌ഫോടനകേസിൽ 38 പേർക്ക് വധശിക്ഷയും 11 പ്രതികൾക്ക് മരണം വരെ ജീവപര്യന്തം തടവും. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. നാല് മലയാളികളടക്കം 49 പേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഷിബിലി എ കരീം, ശാദുലി എ കരീം, മുഹമ്മദ് അൻസാർ നദ്വി, ബി ശറഫുദ്ദീൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികൾ. മൂന്ന് മലയാളികൾ ഉൾപ്പെടെ 28 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 77 പ്രതികളുണ്ടായിരുന്ന കേസിൽ 2021 സെപ്റ്റംബറിൽ വിചാരണ പൂർത്തിയാക്കിയിരുന്നു. വർഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. ശറഫുദ്ധീൻ കൊണ്ടോട്ടി സ്വദേശിയാണ്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബിലിയും ശാദുലിയും സഹോദരന്മാരാണ്. ഇവർ മൂന്നുപേർക്കുമാണ് വധശിക്ഷ. ആലുവ സ്വദേശി അൻസാർ നദ്വിക്ക് ജീവപര്യന്തം ശിക്ഷയാണ്.
2008 ജൂലായ് 26-നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളിൽ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകൾക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ 85 പേരെയാണ് ഗുജറാത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ 78 പ്രതികൾക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി.