Monday, August 18

പൊലീസിനെ കണ്ട് പ്രതി കടലുണ്ടി പുഴയിൽ ചാടി; മണിക്കൂറുകൾക്ക് ശേഷം പുഴയിൽ നിന്ന് തന്നെ അതിസാഹസികമായി വലയിലാക്കി പൊലീസ്

പരപ്പനങ്ങാടി: യുവതിയുടെ സ്‌കൂട്ടർ കത്തിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടതോടെ കടലുണ്ടി പുഴയിലേക്ക് ചാടി. പൊലീസും നാട്ടുകാരും ചേർന്ന് പ്രതിയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ സാഹസികമായി പിടികൂടി. വള്ളിക്കുന്ന് അത്താണിക്കൽ കോട്ടക്കുന്നിലെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി ചെട്ടിപ്പടി ആലുങ്ങൽ കരണമന്റെ പുരക്കൽ വീട്ടിൽ കുഞ്ഞാവയുടെ മകൻ ഇസ്മായിൽ (25) ആണ് പുഴയിൽ ചാടിയതും പിന്നാലെ പൊലീസിന്‍റെ വലയിലായതും. വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ കാട്ടുങ്ങൽ പറമ്പ് ബുഷറയുടെ സ്കൂട്ടർ ആണ് കത്തിച്ചത്.

സംഭവശേഷം ഒളിവിൽ പോയ പ്രതി വെള്ളിയാഴ്ച പുലർച്ചെ ആനങ്ങാടി ഫിഷ് ലാൻറിംഗ് സെൻററിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസഥാനത്തിൽ മഫ്തിയിലെത്തിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ കടലുണ്ടി പാലത്തിലേക്ക് ഓടിക്കയറിയ പ്രതി അഴിമുഖത്തേക്ക് ചാടുകയായിരുന്നു. പുഴയിലേക്ക് ചാടിയ പ്രതി അഴിമുഖത്തെ പാറയിൽ പിടിച്ചു നിന്നു. കരക്ക് കയറാൻ ആവശ്യപ്പെട്ടിട്ടും കയറാതെ അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ പ്രതിയെ പിടികൂടാൻ ഫയർഫോഴ്‌സിന്റെ സഹായം തേടുകയും ഒരു യൂണിറ്റ് എത്തിച്ചെത്തിയെങ്കിലും രണ്ട് മണിക്കൂർ പണിപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ പ്രതി ഇതിനു മുൻപും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട്.

error: Content is protected !!