തിരൂരങ്ങാടി മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്കായി 122.88 കോടി രൂപയുടെ അനുമതി

 തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 122.88 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി.എ മജീദ്‌ എം.എല്‍.എ അറിയിച്ചു. തിരൂരങ്ങാടി നിയോജകമണ്ഡലം കുടിവെള്ള സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച പ്രോപോസലുകളുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. എടരിക്കോട് പഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് 77 കോടി രൂപയും, പരപ്പനങ്ങാടി നഗരസഭയില്‍ കുടിവെള്ള പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 18 കോടി രൂപയും,  തിരൂരങ്ങാടി നഗരസഭയില്‍ കുടിവെള്ള പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 13 കോടി രൂപയും, തെന്നല പഞ്ചായത്ത് ജലനിധി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തികള്‍ക്കായി 14.88 കോടി രൂപയും   ആണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്.

         എടരിക്കോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നിന്നും, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകള്‍ക്ക് അമൃത് പദ്ധതിയില്‍ നിന്നുമാണ് തുക അനുവദിച്ച് ഉത്തരവ് ലഭിച്ചിട്ടുള്ളത്. നഗരസഭകള്‍ക്ക് മാത്രമുള്ള പദ്ധതിയാണ് അമൃത് പദ്ധതി. നേരത്തെ നഗരസഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി നഗരസഭക്ക് 4 കോടി രൂപയും, തിരൂരങ്ങാടി താലൂക്കശുപത്രിക്ക് 25 ലക്ഷം രൂപയും, പരപ്പനങ്ങാടി നഗരസഭക്ക് 5 കോടി രൂപയും ലഭിച്ചിരിന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തിരൂരങ്ങാടി നഗരസഭയിലെ കല്ലക്കയം പദ്ധതിക്ക്  അനുവദിച്ച  10 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തി നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. കല്ലക്കയം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തികല്‍ക്കായാണ് ഇപ്പോള്‍ 13 കോടി, 4 കോടി എന്നിങ്ങനെ 17 കോടി അനുവദിച്ചിട്ടുള്ളത്. താലൂക്ക് ആശുപത്രിക്ക് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ച് താലൂക്ക് ആശുപത്രിയിലേക്ക് മാത്രം ഒരു പ്രത്യേക കുടിവെള്ള പൈപ്പ്‌ലൈന്‍ വലിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

           ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നന്നമ്പ്ര പഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് സമര്‍പ്പിച്ച 95 കോടി രൂപയുടെ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനകം ഈ പദ്ധതിക്കും അനുമതി നല്‍കികൊണ്ടുള്ള ഭരണാനുമതി ഉത്തരവ് ലഭിക്കുമെന്നും കെ.പി.എ മജീദ്‌ അറിയിച്ചു. നന്നമ്പ്ര പഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിര്‍മ്മിക്കുന്നതിനാവിശ്യമായ സ്ഥലം നന്നമ്പ്ര പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നും ചെറുമുക്ക് കുടിവെള്ള പദ്ധതി, കുണ്ടൂര്‍ കുടുക്കേങ്ങല്‍ കുടിവെള്ള പദ്ധതി, വെള്ളിയാമ്പുറം കുടിവെള്ള പദ്ധതി, കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ കുടിവെള്ള പദ്ധതി എന്നിങ്ങനെ  4 ചെറികിട കുടിവെള്ള  പദ്ധതികള്‍ക്കായി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നന്നമ്പ്ര പഞ്ചായത്തിലേക്ക് പണം അനുവദിച്ചെങ്കിലും സോഴ്സില്‍ പദ്ധതികല്‍ക്കാവിശ്യമായ വെള്ളം  ലഭ്യമാകാത്തതിനാല്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നതിനാലാണ് തിരൂരങ്ങാടി നഗരസഭയിലെ കടലുണ്ടിപ്പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് എത്തിച്ച് വീടുകളില്‍ ലഭ്യമാക്കുന്ന വലിയ പദ്ധതിക്ക് രൂപം നല്‍കിയത്. ഒരു മാസത്തിനകം ഈ പദ്ധതിക്കും അനുമതി ലഭിക്കും.

          നന്നമ്പ്ര പഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള  പദ്ധതി കൂടി നടപ്പിലാകുന്നതോടെ തിരൂരങ്ങാടി മണ്ഡലം സമ്പൂര്‍ണ്ണ കുടിവെള്ള സ്വയംപര്യാപ്തത കൈവരിച്ച നിയോജക മണ്ഡലമായി മാറും. നേരത്തെ നിയോജക മണ്ഡലത്തിലെ തെന്നല, പെരുമാണ്ണ-ക്ലാരി പഞ്ചായത്തുകളില്‍ മള്‍ട്ടി ജി.പി കുടിവെള്ള പദ്ധതി എന്ന പദ്ധതി നടപ്പിലാക്കുകയും അതുവഴി കുടിവെള്ളം എത്തിക്കുകയും ചെയ്യുന്നുണ്ട്. ഈ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തികല്‍ക്കാണ് 14.88 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.
error: Content is protected !!