തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി ; ചന്തപ്പടി വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് തുടക്കമായി

തിരൂരങ്ങാടി : നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ചന്തപ്പടി വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമായി. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തില്‍ ഏറെ നാളായി ആവശ്യമുള്ള ടാങ്കാണിത്. നഗരസഭ പ്രത്യേകമായി സ്ഥലം കണ്ടെത്തിയാണ് വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് നടപടിയായത്. ഇതിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. ടാങ്ക് നിര്‍മാണത്തിന് കഴിഞ്ഞ ദിവസം നഗരസഭ പണമടച്ച് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു.

ഇതോടൊപ്പം കരിപറമ്പ്, കക്കാട് എന്നിവിടങ്ങളിലും വലിയ ജലസംഭരണ കേന്ദ്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഒരേ സമയം മൂന്ന് വാട്ടര്‍ ടാങ്കുകളാണ് ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. വെന്നിയൂരിലും പുതിയ ടാങ്ക് നിര്‍മ്മിക്കുന്നതിനു അനുമതിയായിട്ടുണ്ട്. കരിപറമ്പ് കല്ലക്കയത്തില്‍ നിന്ന് പൈപ്പ് ലൈന്‍ പ്രവര്‍ത്തിയും ആരംഭിച്ചിട്ടുണ്ട്.

കുടിവെള്ളക്ഷാമത്തിന് ഏറെ ആശ്വാസമാകുന്ന കുടിവെള്ള പദ്ധതികള്‍ ത്വരിതഗതിയിലാണ് മുന്നോട്ടുപോകുന്നതും അടുത്തവര്‍ഷം സമര്‍പ്പിക്കാന്‍ ആകുമെന്നും കെ പി എ മജീദ് എം എല്‍ എ, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍ പറഞ്ഞു

error: Content is protected !!