സ്വകാര്യ ബസിനുള്ളിൽ മുളക്പൊടി പ്രയോഗം, വിദ്യാർത്ഥിനികൾക്കും യാത്രക്കാർക്കും പരിക്ക്

പട്ടിക്കാട് : സ്വകാര്യ ബസിനുള്ളിൽ മുളകുപൊടി സ്പ്രേ ചെയ്ത് യുവാവിന്റെ പരാക്രമം. കണ്ടക്ടർ, ഡ്രൈവർ, അഞ്ച് വിദ്യാർഥിനികൾ എന്നിവർക്ക് പരിക്കേറ്റു. ബസ് ജീവനക്കാരുടെയും രണ്ട് വിദ്യാർഥിനികളുടെയും കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. അക്രമം നടത്തിയ എടത്തനാട്ടുകര സ്വദേശിയായ ഹാരിസ് ഇദ്നു മുബാറകിനെ (20) പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ കാര്യാവട്ടം-അലനല്ലൂർ പാതയിൽ പച്ചീരിപ്പാറയിലാണ് സംഭവം. ബസിലെ യാത്രക്കാരനായിരുന്ന യുവാവും ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും ഇതേത്തുടർന്ന് മുളകുപൊടിപ്രയോഗം നടത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ആളുകൾ പിടികൂടിയതോടെ കയിലുണ്ടായിരുന്ന കുപ്പി യുവാവ് സമീപത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സംഭവസമയം ഇതിലൂടെ കടന്നുപോകുകയായിരുന്ന വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലാണ് പരിക്കേറ്റ ബസ് ജീവനക്കാരെ ആശുപത്രിയിലെത്തിച്ചത്. ജീവനക്കാരായ മങ്കട വെള്ളില സ്വദേശി ഗഫൂർ, മഞ്ചേരി സ്വദേശി അൻവർ എന്നിവർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും വിദ്യാർഥിനികളായ അമൃത, ഗംഗ എന്നിവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

മേലാറ്റൂർ എസ്.ഐ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസെത്തിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. സ്‌പ്രേകുപ്പിയും പോലീസ് കണ്ടെടുത്തു.

error: Content is protected !!