വിധവയും വയോധികയുമായ അയല്‍വാസിയുടെ വീടിനു മുന്നില്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ എ.ബി.വി.പി. മുന്‍ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്‍മുഖം അറസ്റ്റില്‍. 2020 ജൂലൈ 11-നായിരുന്നു കേസിന് ആസ്പദമായ സംഭവം. രണ്ടുവര്‍ഷത്തിനു ശേഷമാണ് ആതമ്പാക്കം പോലീസ് സുബ്ബയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്യാന്‍ സുബ്ബയ്യയെ പ്രേരിപ്പിച്ചത്.
വിധവയായ അയല്‍വാസി, തന്റെ ബന്ധുവിന്റെ സഹായത്തോടെയാണ് സുബ്ബയ്യയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം അപ്പാര്‍ട്‌മെന്റില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇതേ അപ്പാര്‍ട്‌മെന്റിലെ താമസക്കാരനാണ് സുബ്ബയ്യയും. വീടിനു മുന്നില്‍ മൂത്രമൊഴിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്നാണ് വയോധികയുടെ പരാതിയില്‍ പറയുന്നത്. സുബ്ബയ്യയുടെ പ്രവൃത്തികള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പരാതിയിലുണ്ട്. മാസ്‌ക് ധരിച്ചെത്തിയ സുബ്ബയ്യ, കോഴിയിറച്ചിക്കഷണങ്ങളും അവശിഷ്ടങ്ങളും വീടിനു മുന്നില്‍ നിരത്തിയിടുകയും ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ 2020-ല്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തന്റെ പാര്‍ക്കിങ് സ്ഥലം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണമെന്ന് വയോധിക പറഞ്ഞതിനെ തുടര്‍ന്നാണ് സുബ്ബയ്യ പ്രകോപിതനായത്. സംഭവം നടന്ന് പരാതിയും നല്‍കി രണ്ടുവര്‍ഷത്തിനു ശേഷം, ശനിയാഴ്ചയാണ് പോലീസ് സുബ്ബയ്യയെ അറസ്റ്റ് ചെയ്തത്. മധുരയിലെ നിര്‍ദിഷ്ട എ.ഐ.ഐ.എം.എസ്. ബോര്‍ഡ് മെമ്പറാണ് സുബ്ബയ്യ. കില്‍പോക് മെഡിക്കല്‍ കോളേജിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.