നന്നമ്പ്ര കുടുംബരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ച വിവാദത്തിന് പരിസമാപ്തി. കെട്ടിടത്തിലെ പേര് ആശുപത്രി അധികൃതർ മായ്ച്ചു കളഞ്ഞു. ആശുപത്രിക്ക് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് വേണ്ടി 40 വർഷം മുമ്പ് പ്രവാസികളുടെ സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് ഒന്നര വർഷം മുമ്പ് ‘ഡോനേറ്റഡ് ബൈ, കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി’ എന്ന് എഴുതിയത്.
എന്നാൽ ഇതിനെതിരെ ഡി സി സി ജനറൽ സെക്രട്ടറി യും തിരൂരങ്ങാടി നിയോജക മണ്ഡലം ചെയർമാനും പ്രദേശത്തുകരൻ കൂടിയായ കെ പി കെ തങ്ങൾ പരസ്യമായി രംഗത്തു വന്നു. യു ഡി എഫിൽ ഇത് വിഷയമായതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പേര് മായ്ക്കാൻ ധാരണയായത്രേ. എന്നാൽ ഇതിന് ശേഷവും നടപടി ഇല്ലാതായതോടെ വീണ്ടും പരാതികൾ നൽകി. വിവരാവകാശ പ്രകാരം അപേക്ഷ നല്കിയപ്പോഴും പേര് എഴുതാൻ തീരുമാനിച്ചത് സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ അനധികൃത മായി കയ്യേറി സംഘടനയുടെ പേര് എഴുതിയതായും ഇത് പ്രദേശത്ത് വർഗീയ ദ്രുവീകരണത്തിന് കാരണമാകുമെന്നും, മുമ്പ് ഇത്തരത്തിൽ ജോലി ബഹിഷ്കരണം ഏർപ്പെടുത്തിയ മുൻ അനുഭവം ഉണ്ടെന്നും കാണിച്ച് കെ പി കെ തങ്ങൾ പോലീസിനും മറ്റും പരാതി നൽകി. ഇതിനിടെ , എൽ ഡി എഫിലെ കക്ഷികളുമായി ചേർന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതോടെ കെ.പി.കെ. തങ്ങളെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും കോണ്ഗ്രെസ്സിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ ഇതിന്റെ പേരിൽ അപമാനിക്കുന്നെന്നും പേര് മായ്ക്കാൻ നടപടി വേണമെന്നും കെ പി കെ തങ്ങൾ പൊലീസിന് പരാതി നൽകി. സി പി എമ്മും പേര് എഴുതിയതിനെതിരെ ആരോഗ്യവകുപ്പിനും മറ്റും പരാതി നൽകി. തുടർന്ന് പെര്ഫോമെൻസ് ഓഡിറ്റ് വിഭാഗം പരിശോധിച്ചിരുന്നു. അനധികൃത മായി പേര് എഴുതിയത് മായ്ച്ചു കളയണമെന്ന് തിരൂർ ആർ ഡി ഒ നിര്ദേശിച്ചതിനെ തുടർന്ന് ഇന്നലെ മെഡിക്കൽ ഓഫീസർ തൊഴിലാളി യെ ഉപയോഗിച്ച് മായ്ച്ചു കളയുകയായിരുന്നു. പോലീസ് സാന്നിധ്യത്തിലയിരുന്നു മായ്ക്കൽ. മായിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിക്കുകയും ചെയ്തു.
പേര് മാറ്റുന്ന വിഷയത്തിൽ പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന പരാതി കെ പി കെ തങ്ങൾക്കുണ്ടായിരുന്നു. സത്യം ജയിച്ചതായി കെ പി കെ തങ്ങളും, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ധിക്കാരപരമായ നിലപാടിനേറ്റ തിരിച്ചടിയെന്ന് സിപിഎം ലോക്കൽ സെക്രട്ടറി കെ.ഗോപാലനും പറഞ്ഞു.
45 വർഷമായി, യു എ ഇ യിലുള്ള കൊടിഞ്ഞി പ്രദേശത്തുകരുടെ കൂട്ടായ്മയാണ് കെ എം ആർ സി. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കാൻ വാർഡ് വേണമെന്ന് ആവശ്യമുയർന്നപ്പോൾ 10 വാർഡുള്ള കെട്ടിടം നിർമിച്ചു നൽകുകയായിരുന്നു. കെട്ടിടം പൂർണ്ണമായി നിർമിക്കാനുള്ള ചിലവ് കെ എം ആർ സി, അക്കാലത്ത് കൊടിഞ്ഞി പള്ളി മുദരിസ്സയിരുന്ന പൊന്മള കെ പി ഫരീദ് മുസ്ലിയാർക്ക് അയച്ചു കൊടുക്കുകയും ഇദ്ദേഹം നിർമാണ ഭാരവാഹികൾക്ക് നിർമിച്ചു നൽകുകയായിരുന്നു എന്നും കെ എം ആർ സി ഭാരവാഹികൾ പറയുന്നു. എന്നാൽ, മറ്റു പ്രവാസികളുടേതുൾപ്പെടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചതെന്നും കെ എം ആർ സി യുടേത് മാത്രമല്ലെന്നുമാണ് കെ പി കെ. തങ്ങൾ പറയുന്നത്.