പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തി നാടുവിട്ട യുവതിയും കാമുകനും പിടിയിൽ

പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം കാമുകനൊപ്പം നാടുവിട്ട യുവതി ഒന്നര മാസത്തിന് ശേഷം പിടിയിൽ. മഞ്ചേരി പുൽപറ്റ സ്വദേശി ഷഹാന ഷെറിനും മംഗലശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്മാനുമാണ് പിടിയിലായത്. മഞ്ചേരി പൊലീസാണ് ഇവരെ പിടികൂടിയത്. ആറു മാസം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഷഹാനയുടെ ഭർത്താവ് ഗൾഫിലാണ്. ഷഹാനയ്ക്കും ഫൈസലിനും രണ്ടുവീതം കുട്ടികളുണ്ട്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒന്നര മാസം മുമ്പാണ് ഷഹാനയും ഫൈസലും നാടുവിട്ടത്.

ചെന്നൈയിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു കമിതാക്കൾ താമസിച്ചിരുന്നത്. ഇതിനിടെ പൊലീസിനെ കബളിപ്പിക്കാൻ ഷഹാന ശ്രമിച്ചിരുന്നു. നാടുവിടുന്നതിന് മുമ്പ് സുഹൃത്തിന്‍റെ ആധാർ ഉപയോഗിച്ച സിംകാർഡ് വഴി ഫേസ്ബുക്ക് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. ചെന്നൈയിലെ പ്രമുഖ മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കറങ്ങിയ ചിത്രങ്ങൾ ഇടയ്ക്കിടെ ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്തു. തങ്ങൾ ചെന്നൈ നഗരത്തിലാണെന്ന് വരുത്തി തീർക്കാനായിരുന്നു ഇത്.

എന്നാൽ ഇവരെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ചെന്നൈയിൽ ക്യാംപ് ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഷഹാനയും ഫൈസലും ആണ്ടാൾ നഗർ ഗ്രാമത്തിലേക്കാണ് യാത്ര ചെയ്യുന്നതെന്ന് കണ്ടെത്തി.

ചെന്നൈയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ആവടി ജില്ലയിലെ വീരപുരം, ആണ്ടാൾനഗർ ഗ്രാമത്തിലെ ഒരു സ്വകാര്യ ബാങ്കിന്റെ എ ടി എമ്മിൽ നിന്നും ഒന്നിൽ കൂടുതൽ തവണ പണം പിൻവലിച്ചതായി കണ്ടെത്തുകയുണ്ടായി.

തുടർന്നാണ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകൾ പരിശോധിച്ചതിൽ കമിതാക്കൾ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം കണ്ടെത്തി. പിന്നാലെ ഇവർ ഒളിവിൽ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി ഇരുവരേയും പൊലീസ് പിടികൂടുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്ത കമിതാക്കൾക്കെതിരെ പോലീസ് ജുവനൈൽ ജസ്റ്റിസ് പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി അലവിയുടെ നേതൃത്വത്തിൽ എസ് ഐ ബഷീർ, എ എസ് ഐ കൃഷ്ണദാസ് പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ അനീഷ് ചാക്കോ, ദിനേഷ്, മുഹമ്മദ് സലീം എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.

error: Content is protected !!