കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഭരണഘടനയിലെ ഉദ്ദേശലക്ഷ്യങ്ങളില്‍ പറഞ്ഞ ദർസുകൾ ഏകീകരിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി വിദ്യാഭ്യാസ ബോർഡിന്റെയും ജംഇയ്യത്തുൽ മുദരിസീന്റെയും ആഭിമുഖ്യത്തിൽ നിലവിലുള്ള പള്ളിദർസുകൾ ഏകീകരിക്കാനും പുതിയ ദർസുകൾ സ്ഥാപിക്കാനും ഇക്കാര്യത്തിൽ പ്രധാന മുദരിസുമാരുമായി കൂടിയാലോചിച്ച് പദ്ധതികൾക്ക് രൂപം നൽകാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു.
കേരളത്തില്‍ പാരമ്പര്യമായി തുടര്‍ന്നുവരുന്ന മഖ്ദൂമി ദര്‍സുകള്‍ കാലോചിതമായ വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തി പരിഷ്കരിച്ചായിരിക്കും പുതിയ ദര്‍സുകള്‍ സ്ഥാപിക്കുക.
സമസ്തയുടെ കീഴില്‍ നടത്തുന്ന ഔദ്യോഗിക കോഴ്സുകളായ ഫാളില, ഫളീലക്ക് പഠിക്കുന്ന പെൺകുട്ടികൾക്ക്
കോഴ്സുകളുടെ കാലാവധിയായ അഞ്ചുവർഷത്തിനിടയിൽ വിവാഹിതരാവേണ്ടി വന്നാൽ വിവാഹം നടത്താമെന്നും, വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് അതേസ്ഥാപനത്തില്‍ തന്നെ പഠനം തുടരാനുള്ള സൗകര്യവും പ്രോത്സാഹനവും നൽകണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഈ നിലപാട് സ്വീകരിക്കണമെന്നും മുശാവറ യോഗം ആഹ്വാനം ചെയ്തു.
കേരളേതര സംസ്ഥാനങ്ങളിൽ സമസ്തയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി
ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിൽ വരുത്താനും തീരുമാനിച്ചു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ.ടി ഹംസ മുസ്ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ്
മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, ടി.എസ് ഇബ്രാഹീം മുസ്ലിയാര്‍, കെ ഹൈദര്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, കാടേരി മുഹമ്മദ് മുസ്ലിയാര്‍ പ്രസംഗിച്ചു.