
തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് (കൊണ്ടാണത്ത്) ഇന്ന് (വ്യാഴം) വൈകു 4.30ന് കെ.പിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. മുമ്പുണ്ടായിരുന്നത് പോലെ ഇത്തവണയും സ്വകാര്യ ബസ് സ്റ്റാൻഡ് തന്നെയാണ്.
ഇതൊടൊപ്പം ചെമ്മാട് ടൗണില്‍ ട്രാഫിക് പരിഷ്‌കാരവും നിലവില്‍ വരും. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കും. റോഡരികില്‍ ബൈക്കുകള്‍ ഉള്‍പ്പെടെ പാര്‍ക്കിംഗ് അനുവദിക്കില്ല. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കണം. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ കടന്ന് സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കണം. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ ചെമ്മാട് ടൗണ്‍ വഴിയും പോകണം. താലൂക്ക് ആസ്പത്രി കാന്റീനിനു സമീപവും താലൂക്ക് ആസ്പത്രിക്ക് പിന്‍വശവും തൃക്കുളം സ്‌കൂളിനു സമീപവും കോഴിക്കോട് റോഡില്‍ മീന്‍ മാര്‍ക്കറ്റിനു സമീപവും പോലീസ് സ്റ്റേഷനു സമീപവും സ്റ്റോപ്പുകളുണ്ടായിരിക്കും. താലൂക്ക് ആസ്പത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ നില നിര്‍ത്തും. ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ പരപ്പനങ്ങാടി ഭാഗത്തേക്കുള്ള യാത്ര വാഹനങ്ങള്‍ വെഞ്ചാലി കനാല്‍ റോഡ് പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്. ബസ്സ്റ്റാന്റ് തുറക്കുന്നതോടെ ടൗണിലെ തിരക്ക് ഒഴിവാക്കാനാകും.