
വേങ്ങര: കോവിഡ് കാലത്ത് കുടുംബം പ്രതിസന്ധിയിലായതോടെ പ്ലസ് ടു പഠനം മുടങ്ങിയ വേങ്ങര വലിയോറ ബി.ആർ.സി ക്ക് സമീപം താമസിക്കുന്ന വാക്യതൊടിക സിനാന് ഇന്നലെ സന്തോഷപ്പെരുന്നാളായിരുന്നു. പഠനം മുടങ്ങിയെങ്കിലും ഫീസ് അടക്കാനാവാത്തതിനെ തുടർന്ന് പഠിച്ച സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി ബുക്ക് കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു കൂട്ടം അധ്യാപകർ ഗൃഹസന്ദർശനത്തിന് എത്തിയത്. കുടുംബത്തിൻ്റെ പ്രയാസങ്ങൾക്കിടെ ഇളയ സഹോദരി സൈക്കിളിൽ നിന്നും വീണ് കാലിന് പരിക്കേറ്റതും കൂടിയായതോടെ കുടുംബം വിഷമത്തിലായി നിൽക്കുമ്പോഴാണ് ബി.ആർ.സിയിൽ പരിശീലനത്തിന് വന്ന മലയാളം അധ്യാപക കൂട്ടായ്മയിലെ ഒരു കൂട്ടം അധ്യാപകർ വീട്ടിലെത്തിയത്.കുട്ടിയെ അറിയാൻ എന്ന പരിപാടിയുടെ ഭാഗമായാണ് ഇവർ സിനാൻ്റെ വീട് സന്ദർശിച്ചത്.വീട്ടിലെ ദയനീയ അവസ്ഥ കുട്ടികൾ തന്നെ വിശദീകരിച്ചതോടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നേറ്റ് അധ്യാപകർ മടങ്ങി. ഗൃഹസന്ദർശന അനുഭവം പരിശീലന ക്ലാസിൽ വിശദീകരിച്ചതോടെ പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞു. ക്ലാസിലുണ്ടായിരുന്ന അധ്യാപകർ സഹായഹസ്തം നീട്ടിയതോടെ കുടിശ്ശിക ഫീസ് അടച്ചതോടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഇന്നലെ തന്നെ പഠിച്ച സ്ഥാപനത്തിൽ നിന്നും സിനാൻ കൈപറ്റി.കാലിന് പരിക്കേറ്റ കുഞ്ഞിന് ചികിത്സക്കുള്ള തുകയും അധ്യാപകർ വീട്ടിലെത്തി കൈമാറി. എൻ.മഞ്ജുനാഥ്, ലത്തീഫ് കൊടിഞ്ഞി, ഹരി, കെ.എം ഷീബ, ദീപ്നഗോപിനാഥ്, ബി.സൂരജ്, എം.പി സിദ്ധാർഥൻ, പി.എം ജയശ്രീ, കെ.കെ.ഷീജ, കെ.കെ സാജിത എന്നിവരുടെ നേതൃത്വത്തിലുള്ള വേങ്ങര ഉപജില്ല മലയാളം അധ്യാപക കൂട്ടായ്മയാണ് കുടുംബത്തിന് താങ്ങായത്. കയ്യിലുള്ള മൊബൈൽഫോൺ വിറ്റിട്ടെങ്കിലും സർട്ടിഫിക്കറ്റ് തിരിച്ചെടുക്കാൻ ഒരുങ്ങവെയാണ് സഹായം തേടി എത്തിയതെന്ന് സിനാൻ പറഞ്ഞു.