
മലപ്പുറം: പോക്സോ കേസിൽ മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിലെ റിട്ട. അധ്യാപകൻ കെ വി ശശികുമാർ പൊലീസ് കസ്റ്റഡിയിൽ. പീഡനക്കേസിൽ പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുൻ നഗരാസഭാംഗം കൂടിയായ കെ വി ശശികുമാർ. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയർന്നത്. 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച് പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്. ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ ഇയാൾക്ക് ഭരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കാലങ്ങളായി അധ്യാപകൻ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പൂർവ്വവിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്. പോക്സോ നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള കാലത്തെ പരാതികളായതിനാൽ ഈ പരാതികളിൽ നിയമോപദേശം തേടുകയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് എം എസ് എഫ്, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകൾ മാർച്ച് നടത്തിയിരുന്നു.