
കടുത്തുരുത്തി: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ചത് തോട്ടിലേക്ക്. സമയോചിതമായി നാട്ടുകാർ ഇടപെട്ടതിനാൽ അപകടമൊഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് കുറുപ്പന്തറ കടവിലാണ് സംഭവം. കർണാടക സ്വദേശികളായ കുടുംബമാണ് അപകടത്തിൽപെട്ടത്. മൂന്നാറിൽനിന്നു ആലപ്പുഴയിലേക്ക് പോകുംവഴിയാണ് അപകടം.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/KdLMpwHbga454naxMq6D0V
യാത്ര ആരംഭിച്ചതുമുതൽ ഗൂഗിൾ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കടവ് ഭാഗത്തെത്തിയപ്പോൾ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിർദേശം.
ഇതോടെ ഇവിടത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവർ കാർ മുന്നോട്ട് ഓടിക്കുകയായിരുന്നു. നോക്കി നിൽക്കുകയായിരുന്ന നാട്ടുകാർ വിളിച്ചുകൂവിയപ്പോഴേക്കും കാർ സമീപത്തെ തോട്ടിലേക്ക് ചാടിയിരുന്നു. മഴ ശക്തമായതിനാൽ തോട്ടിൽ നല്ല വെള്ളമുള്ള സമയമായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. തുടർന്ന് കാർ തള്ളി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടിവലിച്ചാണ് കാർ തോട്ടിൽനിന്നു കരയ്ക്കെത്തിച്ചത്. മറ്റു തകരാറൊന്നുമില്ലാതിരുന്നതിനാൽ ഇവർ ഇതേ കാറിൽ തന്നെ യാത്ര തുടർന്നു. ഈ ഭാഗത്ത് അപകടങ്ങൾ സ്ഥിരമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ താത്കാലികമായി ചങ്ങലയിട്ട് വഴി അടച്ചു.