പബ്‌ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല, പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചു

പാലക്കാട്: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് അട്ടപ്പാടിയിൽ പത്താംക്ലാസുകാരൻ തൂങ്ങി മരിച്ചു. കൽക്കണ്ടി തോട്ടപ്പുര സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിതാണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. കൂട്ടുകാരെപ്പോലെ തനിക്കും മൊബൈൽഫോൺ ഓൺ ലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിജിത്ത്. എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയായിരുന്നു സംഭവം.

നേരത്തെ പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടർന്ന് അഭിജിത്തിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും പബ്ജി കളിക്കാൻ വേണ്ടി പുതിയ ഫോൺ വേണം എന്ന് അഭിജിത്ത് നിരന്തരം അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ഭർത്താവുമായി വേർപ്പെട്ട് താമസിക്കുന്ന ബിന്ദുവിന് സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ട് പിന്നീട് വാങ്ങിത്തരാം എന്ന് പറഞ്ഞുവെങ്കിലും അഭിജിത്ത് വഴങ്ങിയില്ല. ഞായറാഴ്ച രാത്രിയോടെയാണ് അഭിജിത്ത് വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.

ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. മൊബൈലിനായി വാശി പിടിച്ച മകനോട് പിന്നീട് വാങ്ങി നൽകാമെന്ന് പറഞ്ഞ് ബിന്ദു കുളിക്കാൻ പോയ സമയത്താണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ അഭിജിത് തൂങ്ങിയത്. ഉടനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ബിന്ദുവും ഭർത്താവ് അല്ലേഷും വർഷങ്ങളായി വേർപിരിഞ്ഞ് കഴിയുകയാണ്. സമീപത്തെ കടയിൽ ജോലി ചെയ്താണ് ബിന്ദു വരുമാനം കണ്ടെത്തുന്നത്. അഭിജിത് പബ്ജി ഗെയിമിന് അഡിക്ടായിരുന്നതായി മാതൃസഹോദരൻ ബിജു പറഞ്ഞു. രണ്ടു മാസം മുൻപ് ഗെയിം കളിക്കുന്നത് വിലക്കിയതിന് പഴയ സ്മാർട് ഫോൺ എറിഞ്ഞുടച്ചിരുന്നതായും ബിജു പറഞ്ഞു.

error: Content is protected !!